നടി പാര്‍വ്വതിയുടെ 'അമ്മ'യിലെയും ഡബ്ല്യുസിസിയിലെയും ഇടപെടലിനെക്കുറിച്ച് സൂചിപ്പിച്ചുള്ള വിമര്‍ശനത്തിനാണ് രചനയുടെ മറുപടി

താരസംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ വനിതകള്‍ക്ക് വേദിയില്‍ ഇരിപ്പിടം നല്‍കിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ പ്രതികരണവുമായി എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും രംഗത്തെത്തിയിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ പുരുഷ താരങ്ങളെല്ലാം നില്‍ക്കുകയും ഹണി റോസും രചനയും കസേരകളില്‍ ഇരിക്കുകയും ചെയ്യുന്ന ഒരു ചിത്രത്തിനൊപ്പമായിരുന്നു രചനയുടെ പ്രതികരണ പോസ്റ്റ്. എന്തിലും തെറ്റ് മാത്രം കാണുന്ന 'ദോഷൈകദൃക്കുകളാ'ണ് വിമര്‍ശനം ഉന്നയിക്കുന്നതെന്നു പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്. 13,000ല്‍ അധികം റിയാക്ഷനുകളും 1600ല്‍ ഏറെ കമന്‍റുകളുമായി വലിയ ശ്രദ്ധ നേടിയിരുന്നു ഈ പോസ്റ്റ്. എതിര്‍ത്തും അനുകൂലിച്ചും നിറഞ്ഞ കമന്‍റുകളില്‍ ചിലതിന് രചന മറുപടി നല്‍കിയിട്ടുമുണ്ട്.

അത്തരത്തിലൊരു കമന്‍റ് നടി പാര്‍വ്വതിയുടെ 'അമ്മ'യിലെയും ഡബ്ല്യുസിസിയിലെയും ഇടപെടലിനെക്കുറിച്ച് സൂചിപ്പിക്കുന്നതായിരുന്നു. 'നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് പാര്‍വ്വതി സംസാരിച്ചത്. ഒരിക്കല്‍ അത് മനസിലാവും' എന്നായിരുന്നു രചനയുടെ നിലപാടിനെ വിമര്‍ശനസ്വരത്തില്‍ സമീപിക്കുന്ന കമന്‍റ്. അതിന് രചനയുടെ പ്രതികരണം ഇങ്ങനെ- "എനിക്കുവേണ്ടി ആരും സംസാരിക്കേണ്ടതില്ല. ഇതാണ് എന്‍റെ ശബ്ദം".

രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ചിലർ അങ്ങനെയാണ്. ദോഷൈകദൃക്കുകൾ! എന്തിനും ഏതിനും തെറ്റ് മാത്രം കാണുന്നവർ. വിമർശന ബുദ്ധി നല്ലതാണ് വേണം താനും... എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല... ഇരിക്കാൻ സീറ്റ് കിട്ടിയില്ല എന്നൊരു വ്യാഖ്യാനവുമായി വരുമ്പോൾ അല്ലെങ്കിൽ "ഇരിക്കാൻ വന്നപ്പോഴേക്കും സീറ്റ് കഴിഞ്ഞു പോയി , കഷ്ടം" എന്നൊക്കെ പറയുമ്പോൾ നിങ്ങൾ അധിക്ഷേപിക്കുന്നത്, നിങ്ങൾ mysogynists എന്നു ചൂണ്ടികാണിച്ചു വിളിക്കുന്നവരെ അല്ല. മറിച്ചു ഒരു fb പോസ്റ്റിലൂടെ നിങ്ങൾ ഇരുത്താൻ ശ്രമിച്ചവരെ ആണ്. Senseless എന്നേ ഈ പ്രകടനത്തെ വിളിക്കാൻ സാധിക്കു . വീണ്ടും വീണ്ടും വീണുടയുന്ന വിഗ്രഹങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ടാവാം... ഒരിക്കലും വീഴാതെ ഇരിക്കാൻ ആണ് ഞങ്ങളുടെ ശ്രമം ... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് 🙏🏼 സ്നേഹം, രചന നാരായണൻകുട്ടി.

സ്ത്രീകള്‍ എന്ന നിലയില്‍ 'അമ്മ'യില്‍ ഒരു വിവേചനവും ഇല്ലെന്നായിരുന്നു ഹണി റോസിന്‍റെ പ്രതികരണം. എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങള്‍ക്ക് ചെയ്യാന്‍ അവിടെ ചില ജോലികള്‍ ഉണ്ടായിരുന്നുവെന്നും അത് തീര്‍ത്ത് ഓടിവന്ന് നില്‍ക്കുമ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പിന്നീട് പ്രചരിക്കപ്പെട്ട ചിത്രം പകര്‍ത്തിയതെന്നും ഹണി റോസ് പറഞ്ഞു.