ചെന്നൈ: പരിയേറും പെരുമാൾ എന്ന ചിത്രത്തിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ. ധനുഷ് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം രജിഷ വിജയനാണ് നായികയായി എത്തുന്നത്. ചിത്രത്തിനുവേണ്ടിയുള്ള ഇരുവരുടെയും മേക്കോവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയാകുന്നത്.

ദാവണി ഉടുത്ത്, വെളിച്ചെണ്ണ തേച്ചൊട്ടിച്ച മുടിയുമായി ഒരു ​ഗ്രാമീണ ശൈലിയിലുള്ള പെൺകുട്ടിയായാണ് രജിഷ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ധനുഷിന്റെ വസ്ത്രധാരണവും മേക്കപ്പും ​തനത് ​ഗ്രാമീണശൈലിയുള്ളതുതന്നെ.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമാണ് കർണൻ. ചിത്രത്തിൽ കർണൻ എന്നു തന്നെയാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. അതേസമയം, തമിഴിലെ രജിഷയുടെ അരങ്ങേറ്റ ചിത്രമാണ് കര്‍ണന്‍.

2016ൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത 'അനുരാ​ഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെയാണ് രജിഷ ചലച്ചിത്രലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ അന്നത്തെ മികച്ച നടിക്കുള്ള അവാർഡും രജിഷ സ്വന്തമാക്കിയിരുന്നു.

നടന്‍ ലാല്‍, യോഗി ബാബു, നടരാജന്‍ സുബ്രമണ്യന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജനുവരിയിലാണ് ചിത്രീകരണം ആരംഭിച്ചത്. കലൈപുളി എസ് തനുവിന്റെ വി. ക്രിയേഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്.