ലോക്ക് ഡൗണ്‍ കാലത്ത് തന്‍റെ സുഖവിവരമന്വേഷിച്ച് മോഹന്‍ലാലിന്‍റെ വിളി എത്തിയെന്ന് രജിത് കുമാര്‍. താന്‍ ജ്യേഷ്‍ഠ സഹോദരമായി കാണുന്ന മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് സംസാരിച്ചത്, അദ്ദേഹം നേരിട്ട് വീട്ടിലേക്കു വന്നതുപോലെയാണ് തനിക്കനുഭവപ്പെട്ടതെന്നും രജിത് കുമാര്‍ പറയുന്നു. തന്‍റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് രജിത് കുമാര്‍ ഇക്കാര്യം പങ്കുവെക്കുന്നത്.

മോഹന്‍ലാല്‍ ആദ്യം വിളിച്ചപ്പോള്‍ അടുക്കളയില്‍ പണികളിലായിരുന്നതിനാല്‍ അറിഞ്ഞില്ലെന്നും വന്ന് നോക്കിയപ്പോള്‍ ഒരു ഫാന്‍സി നമ്പരില്‍ നിന്ന് പലവട്ടം കോള്‍ വന്ന് കിടപ്പുണ്ടായിരുന്നെന്നും രജിത് കുമാര്‍ പറയുന്നു. ആ നമ്പരിലേക്ക് തുടര്‍ന്ന് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും വിളിച്ചത് ലാലേട്ടനാണെന്ന് പിന്നാലെ മനസിലായപ്പോള്‍ അത്ഭുതം തോന്നിയെന്നും രജിത് കുമാര്‍ പറയുന്നു. "എട്ട് മണിക്ക് ശേഷമാണ് അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചത്. ലോക്ക് ഡൗണിന്‍റെ സമയത്ത് അദ്ദേഹം ചെന്നൈയിലാണെന്ന് പറഞ്ഞു. ലോക്ക് ഡൗണ്‍ കാലത്തെ എന്‍റെ ഭക്ഷണകാര്യങ്ങളാണ് അദ്ദേഹം ആദ്യം അന്വേഷിച്ചത്. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്ന് അറിയാമെന്നും പറഞ്ഞു. എന്നാല്‍ അടുക്കളയില്‍ സഹായത്തിന് ആളുണ്ടെന്ന് ഞാന്‍ പറഞ്ഞു." തന്നെ ഫോണില്‍ കിട്ടാനായി പലതവണ വിളിച്ചു എന്നതുകൊണ്ടാണ് അദ്ദേഹം വീട്ടില്‍ വന്നതുപോലെ തനിക്ക് അനുഭവപ്പെട്ടതെന്നും രജിത് കുമാര്‍ പറയുന്നു. 

ബിഗ് ബോസില്‍ നിന്ന് രജിത് കുമാര്‍ പുറത്തായതിന് പിന്നാലെ ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരെ ഒരു വിഭാഗം പ്രേക്ഷകരില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നിരുന്നു. എന്നാല്‍ തന്നെ സ്നേഹിക്കുന്നവര്‍ മോഹന്‍ലാലിനെ ഒരു വാക്കുകൊണ്ടു പോലും വേദനിപ്പിക്കരുതെന്നും രജിത് കുമാര്‍ പറയുന്നു. "ബിഗ് ബോസില്‍ അദ്ദേഹത്തിന് കുറേ അതിരുകളുണ്ട്. അദ്ദേഹം ആ ഷോയുടെ അവതാരകനാണ്. ബിഗ് ബോസ് മൂന്നാം സീസണ്‍ ഉണ്ടെങ്കില്‍ ലാലേട്ടന്‍ തന്നെ അതിന്‍റെ അവതാരകനായി വരണമെന്നാണ് എന്‍റെ ആഗ്രഹം. മത്സരാര്‍ഥി ആയിട്ടല്ലെങ്കിലും പത്ത് ദിവസത്തേക്കെങ്കിലും എനിക്ക് അതില്‍ സഹകരിക്കാന്‍ പറ്റിയാലെന്നും ആഗ്രഹമുണ്ട്. അപ്പോള്‍ ലാലേട്ടനോട് എനിക്ക് വീണ്ടും സംസാരിക്കാന്‍ സാധിക്കും", രജിത് കുമാര്‍ പറഞ്ഞവസാനിപ്പിക്കുന്നു.