മലയാളത്തിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ 2 കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം എത്തുന്നതിനു മുന്‍പ് അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഷോയുടെ അവസാനഭാഗത്തേക്ക് അടുക്കവെ കൊവിഡിന്‍റെ സാഹചര്യത്താല്‍ 75-ാം ദിവസം അവസാനിപ്പിക്കുകയായിരുന്നു. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തിറങ്ങിയതിനു ശേഷം ലോക്ക് ഡൗണ്‍ സാഹചര്യമായിരുന്നതിനാല്‍ മത്സരാര്‍ഥികളില്‍ പലരും വീടുകളില്‍ തന്നെയായിരുന്നു. എന്നാല്‍ ചുരുക്കം ചില കൂടിക്കാഴ്ചകളും ഹൗസില്‍ നിന്ന് പരിചയപ്പെട്ടവര്‍ക്കിടയില്‍ നടന്നിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു കൂടിക്കാഴ്ചയെക്കുറിച്ച് പറയുകയാണ് മത്സരാര്‍ഥിയായിരുന്ന രജിത് കുമാര്‍.

ബിഗ് ബോസിലെ സുഹൃത്തുക്കളായിരുന്ന അമൃത, അഭിരാമി, സുജോ എന്നിവരുമായി വീണ്ടും കണ്ടുമുട്ടിയതിനെക്കുറിച്ച് ഫേസ്ബുക്കിലൂടെയാണ് രജിത് കുമാര്‍ അറിയിച്ചത്. മൂവര്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രവും രജിത് കുമാര്‍ പങ്കുവച്ചിട്ടുണ്ട്. 'ഒരു നീണ്ട ഇടവേളക്ക് ശേഷം വല്യേട്ടനും സഹോദരങ്ങളും തമ്മിൽ കണ്ടു മുട്ടിയപ്പോൾ' എന്നാണ് ചിത്രങ്ങള്‍ക്ക് അദ്ദേഹം നല്‍കിയിരിക്കുന്ന തലക്കെട്ട്.

എല്ലാ ബിഗ് ബോസ് ഷോകളെയും പോലെ മത്സരാര്‍ഥികള്‍ക്കിടയിലെ അടുപ്പവും അകല്‍ച്ചയുമൊക്കെ മാറിമാറി വരുന്നതിന്‍റെ കാഴ്ച തന്നെയായിരുന്നു മലയാളത്തിലെ സീസണ്‍ രണ്ടും. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എത്തിയ അമൃതയും അഭിരാമിയും തുടക്കം മുതല്‍ രജിത് കുമാറിന്‍റെ സുഹൃത്തുക്കളായാണ് നിന്നത്. അവസാനമായപ്പോഴേക്കും സുജോയും ഈ കൂട്ടായ്‍മയിലേക്ക് എത്തിയിരുന്നു.