ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന ആനന്ദ് ടിവി ഫിലിം അവാർഡ്സിന്റെ പ്രൊമോകൾ ശ്രദ്ധേയമാകുന്നു. സിനിമയിൽ നിന്ന് ഇടവേളയെടുത്തപ്പോൾ അവസരം നൽകാൻ വിളിച്ച മമ്മൂട്ടിയോടുള്ള ആദരവ് നടി ഭാവന പങ്കുവെച്ചു.

ഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ മമ്മൂട്ടി. തോണിക്കാരനായി ബി​ഗ് സ്ക്രീനിൽ എത്തി ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട മമ്മൂക്കയായി വിളങ്ങുന്ന താരം ചെയ്ത് വയ്ക്കുന്ന ഓരോ കഥാപാത്രങ്ങളും കണ്ട് ഓരോരുത്തരുടേയും മനം നിറയുന്ന കാഴ്ചയാണ് സമീപകാലത്തായി കണ്ടുവരുന്നത്. മമ്മൂട്ടിയുടെ സന്തത സഹചാരിയായിരുന്ന നടൻ രമേഷ് പിഷാരടി ഇന്ന് പാലക്കാട് എംഎൽഎ ആണ്. എംഎൽഎ ആയ ശേഷം മമ്മൂട്ടിയും പിഷാരടിയും ഒരുമിച്ച് പങ്കെടുത്തൊരു പരിപാടിയായിരുന്നു. ആനന്ദ് ടിവി ഫിലിം അവാർഡ്.

ആ പ്രോ​ഗ്രാം ഇപ്പോൾ ടിവിയിൽ സംപ്രേഷണം ചെയ്യാൻ പോവുകയാണ്. ഓ​ഗസ്റ്റ് 9 ഞായറാഴ്ച രാത്രി 7 മണി മുതൽ ഏഷ്യാനെറ്റിലാണ് സംപ്രേഷണം. ഇതോട് അനുബന്ധിച്ച് പുറത്തുവന്ന പ്രൊമോ വീഡിയോകൾ ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. മമ്മൂട്ടിയും പിഷാരടിയും തമ്മിലുള്ളൊരു സംഭാഷണത്തിന്റെ ഏതാനും ഭാ​ഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ഒരു പ്രൊമോ. "ഞാന്‍ വെറും സിനിമ നടന്‍ മാത്രമാണ്. ഞാന്‍ ഏതായാലും എംഎല്‍എ ഒന്നുമല്ല. ഇപ്പോ ചില്ലറ സഹായങ്ങളൊന്നും അല്ല ആളുകള്‍ പിഷാരടിയോട് ചോദിക്കുന്നത്. എന്‍റെ മോള്‍ക്ക് 18 പവന്‍റെ പൊന്ന് ഞാന്‍ വാങ്ങി വച്ചിട്ടുണ്ട്. രണ്ടും കൂടി കൂട്ടി അത് 20 ആക്കണം. പിഷാരടി ഞെട്ടി. അല്ല സാറ് തരണ്ട. ആ മമ്മൂട്ടി സാറിനോട് പറഞ്ഞാല്‍ മതി", എന്നായിരുന്നു മമ്മൂട്ടി പിഷാരടി നിൽക്കെ സ്റ്റേജിൽ വച്ച് പറഞ്ഞത്.

മറ്റൊരു പ്രൊമോ ഭാവനയുടേതാണ്. ഒപ്പം മമ്മൂട്ടിയും ഉണ്ട്. "ഞാനൊരു നാല്, അഞ്ച് വർഷം മലയാള സിനിമയിൽ നിന്നും ബ്രേക്ക് എടുത്തിരുന്നു. അങ്ങനെ ബ്രേക്കെടുത്ത സമയത്ത് വന്ന ഒന്ന് രണ്ട് ഫോൺ കോളുകളിൽ ആദ്യത്തേത് മമ്മൂക്കയുടെ ഒരു സിനിമയിൽ നിന്നായിരുന്നു. എന്റെ മനസിൽ ശരിക്കും കാല് തൊട്ട് അനു​ഗ്രഹം വാങ്ങിക്കണം എന്ന് തോന്നിയ വളരെ ചുരുക്കം ചിലരെ ഉള്ളൂ. അത് മമ്മൂക്കയാണ്", എന്നായിരുന്നു മമ്മൂട്ടിയ്ക്ക് മുന്നിൽ വച്ച് ഭാവന പറഞ്ഞത്. ഈ രണ്ട് പ്രൊമോ വീഡിയോകളും ഇപ്പോൾ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming