നിയത്തിപ്രാവ് എന്ന ഫാസില്‍ ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായ നടനാണ് കുഞ്ചാക്കോ ബോബൻ. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലായി. ഇന്ന് കുഞ്ചാക്കോ ബോബന്റെ പിറന്നാളാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസയുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിൽ രമേഷ് പിഷാരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

“കൈവീശി പിറന്നാൾ ആശംസിക്കാൻ പോയ എനിക്ക് കൈ നിറയെ സമ്മാനം തന്നു തിരിച്ചയച്ച ചാക്കോച്ചന് പിറന്നാളാശംസകൾ,” എന്നാണ് രമേഷ് പിഷാരടിയുടെ ആശംസ. ഒപ്പം ചാക്കോച്ചൻ ​ഗിഫ്റ്റ് ബോക്സ് നൽകുന്നതിന്റെ ചിത്രവും പിഷാരടി പങ്കുവയ്ക്കുന്നു. 

പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യവുമായി ആരാധകർ എത്തി. എന്താണ് ബോക്സിലെന്നാണ് പലരും ചോദിക്കുന്നത്. അക്കൂട്ടത്തിൽ മാസ്ക്ക് മുഖ്യമെന്ന് പറയുന്നവരും ഉണ്ട്. 

നിറം, കസ്തൂരിമാൻ, സ്വപ്നക്കൂട്, ദോസ്ത്, നക്ഷത്രത്താരാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ യുവാക്കളുടെ ശ്രദ്ധ കവർന്ന കുഞ്ചാക്കോ ബോബൻ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബ സദസ്സിന്റെ നായകനായി താരം മാറി.