തെന്നിന്ത്യൻ താരം രമ്യ നമ്പീശൻ വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കുങ്കുമ നിറത്തിലുള്ള കാഞ്ചിപുരം സാരിയും ട്രെഡീഷണൽ ഡിസൈനിലുള്ള ആഭരണങ്ങളുമാണിഞ്ഞ് അതിസുന്ദരിയായാണ് ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടത്. ഇതോടെ രമ്യ നമ്പീശന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിലാണ് ആരാധകർ. താരം പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയായി ആരാധകർ തങ്ങളുടെ സംശയം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

വിവാഹം കഴിഞ്ഞോ? ആരാണ് വരൻ? തുടങ്ങി ചോ​ദ്യങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. ഇതിന് പിന്നാലെ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വ്യാപകമായി പ്രചരിച്ച ആ ചിത്രങ്ങൾ‌ പങ്കുവച്ചുകൊണ്ടാണ് താരം ആരാധകർക്ക് മറുപടി നൽകിയത്. തന്റെ കല്യാണം കഴിഞ്ഞിട്ടില്ലെന്നും പുതിയ ചിത്രത്തില്‍ നിന്നുമുള്ള ഫോട്ടോയാണിതെന്നും താരം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കി.

കല്യാണം കഴിഞ്ഞോ? മെരേജ് ആയിടിച്ചാ? എപ്പോഴാണ് വിവാഹം? ഇല്ല...ഇതെന്റെ പുതിയ സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ്, എന്ന കുറിപ്പോടെയായിരുന്നു രമ്യ നമ്പീശൻ ചിത്രങ്ങൾ പങ്കുവച്ചത്. ബദ്രി വെങ്കിടേഷ് സംവിധാനം ചെയ്യുന്ന തമിഴ് സിനിമയില്‍ നിന്നുമുള്ള ചിത്രങ്ങളാണ് പ്രചരിച്ചത്. ചിത്രത്തിൽ രമ്യ നമ്പീശൻ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.