മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും സംവിധായകന്‍ ശ്രീജിത്ത് വിജയനും  തമ്മിലുള്ള വിവാഹം  കഴിഞ്ഞ ദിവസമായിരുന്നു. 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസമായിരുന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഇപ്പോഴിതാ വിവാഹ ആഘോഷങ്ങൾക്കിടെയുള്ള രസകരമായ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾക്കൊപ്പം ആഘോഷങ്ങൾക്കിടെ പൂളിലേക്ക് വീഴുന്ന നടിമാരുടെ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടി ഹരിതയും പ്രതീക്ഷയുമാണ് പൂളിലേക്ക് വീണത്. പൂളിനടുത്ത് സംസാരിച്ചുകൊണ്ടും ചിത്രങ്ങളെടുത്തുകൊണ്ടും നിൽക്കുന്നതിനിടെ ഹരിതയെ റബേക്കയും പ്രതീക്ഷയും കൂടി പൂളിലേക്ക് തള്ളിയിട്ടു. തിരിച്ചു കയറാനായി കൈ നീട്ടിയ ഹരിത പ്രതീക്ഷയെയും വലിച്ച് പൂളിലേക്ക് ഇട്ടു. താരങ്ങളും രസകരമായി എടുത്ത സംഭവത്തിന്റെ വീഡിയോക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.

നീല കരയോടുകൂടിയ ഓഫ് വൈറ്റ് വിവാഹ സാരിയില്‍, സാരിക്കിണങ്ങുന്ന ആഭരണങ്ങളോടുകൂടി മനോഹരിയായാണ് റബേക്ക ചടങ്ങുകൾക്കെത്തിയത്. ക്രീം കളര്‍ സില്‍ക് ഷര്‍ട്ടിനൊപ്പം, കസവ് കരയുള്ള മുണ്ടായിരുന്നു ശ്രീജിത്തിന്‍റെ വേഷം. താലിയുടെ കൂടെ രണ്ടുപേരും പരസ്പരം തുളസിമാലയും അണിഞ്ഞു. സീരിയല്‍ താരങ്ങളായ അന്‍ഷിദ അന്‍ജി, ബിപിന്‍ ജോസ് തുടങ്ങിയവരും സലീം കുമാര്‍, നമിതാ പ്രമോദ് തുടങ്ങിയ സിനാമാ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

View post on Instagram

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യയിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ സ്‌ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് കസ്തൂരിമാനിലൂടെയായിരുന്നു. സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.

View post on Instagram