പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ചിത്രമായ 'നോട്ട്ബുക്കി'ലൂടെ മലയാള ചലച്ചിത്രലോകത്തേക്ക് ചുവടുവച്ച താരമാണ് റോമ. നായികയായും സഹനായികയായും മലയാളസിനിമയിലെ മുൻനിര നായികമാരുടെ ശ്രേണിയിലേക്ക് ഉയരുന്നതിനിടെയായിരുന്നു സിനിമയിൽനിന്നും റോമ അപ്രത്യക്ഷയാകുന്നത്. 2017ൽ റിലീസ് ചെയ്ത 'സത്യ' എന്ന മലയാള ചിത്ര‌ത്തിലാണ് റോമ അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിത, ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് താരം. നവാഗതനായ പ്രവീണ്‍ പൂക്കാടന്‍ സംവിധാനം ചെയ്യുന്ന 'വെളേളപ്പം' എന്ന ചിത്രത്തിലൂടെയാണ് റോമ മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നത്. പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണനും അഡാറ് ലവിലൂടെ ശ്രദ്ധേയയായ നൂറിന്‍ ഷെരീഫുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

ചിത്രത്തിൽ അക്ഷയ്‌യുടെ സഹോദരിയുടെ വേഷത്തിലാണ് റോമ എത്തുന്നത്. വൈശാഖ് രാജന്‍, ഫഹിം സഫര്‍, സനിഫ് തുടങ്ങിയവരും ചിത്രത്തിലെ മറ്റ്കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നറായ ചിത്രം ജിൻസ് തോമസ്, ദ്വാരക് ഉദയ് ശങ്കർ എന്നിവരാണ് നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജീവന്‍ ലാല്‍ ആണ്.  ഷിഹാബ് ഒങ്ങല്ലൂര്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്നു. സംഗീത സംവിധാനം ലീല ഗിരീഷ് കുട്ടൻ.