മലയാളസിനിമയിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ നടി റോഷ്‍ന ആന്‍ റോയ്‍യുടെയും നടന്‍ കിച്ചു ടെല്ലസിന്‍റെയും വിവാഹനിശ്ചയം കഴിഞ്ഞു. മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചാണ് ചടങ്ങ് നടന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സെപ്റ്റംബര്‍ 27നാണ് വിവാഹക്കാര്യം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഏറെക്കാലത്തെ പരിചയത്തിനും അടുപ്പത്തിനും ശേഷമാണ് റോഷ്‍നയും കിച്ചുവും വിവാഹജീവിതത്തിലേക്ക് കടക്കാനൊരുങ്ങുന്നത്. 

ഒമര്‍ ലുലു ചിത്രമായ 'ഒരു അഡാറ് ലവി'ലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് റോഷ്‍ന ആന്‍ റോയ്. 'സ്നേഹ മിസ്' എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം 'അങ്കമാലി ഡയറീസ്' എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്കുള്ള കിച്ചു ടെല്ലസിന്‍റെ വരവ്. 'പോര്‍ക്ക് വര്‍ക്കി' എന്ന ആദ്യകഥാപാത്രം ശ്രദ്ധ നേടിയതിനു പിന്നാലെ സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ലിജോയുടെ തന്നെ 'ജല്ലിക്കട്ട്' തുടങ്ങിയ ചിത്രങ്ങളിലും കിച്ചു അഭിനയിച്ചിട്ടുണ്ട്. വര്‍ണ്ണ്യത്തില്‍ ആശങ്ക, സുല്ല് തുടങ്ങിയ ചിത്രങ്ങളില്‍ റോഷ്‍നയും കിച്ചുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.