നെറ്റ്ഫ്ലിക്സിന്റെ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിൽ ആമിർ ഖാന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സല്‍മാന്‍ ഖാൻ പറഞ്ഞ തമാശ വൈറലാകുന്നു.
മുംബൈ: നെറ്റ്ഫ്ലിക്സിന്റെ ജനപ്രിയ പരിപാടിയായ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്‍റെ പ്രീമിയർ എപ്പിസോഡിൽ അതിഥിയായി എത്തുന്നത് സല്‍മാന്‍ ഖാനാണ്. ഷോയില്‍ ആമിർ ഖാന്റെ വ്യക്തിജീവിതത്തെക്കുറിച്ച് സല്‍മാന്‍ പറഞ്ഞ തമാശയാണ് ഇപ്പോള്‍ വൈറലാകുന്നത്. ആമിർ ഖാന്റെ പുതിയ കാമുകി ഗൗരി സ്പ്രാട്ടിനെയും അദ്ദേഹത്തിന്റെ മുൻ വിവാഹങ്ങളെയും കുറിച്ചുമായിരുന്നു സല്‍മാന്‍റെ തമാശ.
സൽമാൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞു, "ആമിർ ഒരു പെർഫെക്ഷനിസ്റ്റാണ്. വിവാഹം പെർഫെക്ട് ആക്കുന്നതുവരെ അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരിക്കും!" ഈ പരാമർശം പ്രേക്ഷകർക്കിടയിൽ ചിരിയും ആവേശവും സൃഷ്ടിച്ചു. ആമിർ ഖാന്റെ മൂന്നാമത്തെ ബന്ധത്തെക്കുറിച്ച് സൽമാൻ നടത്തിയ തമാശ ഇപ്പോള്‍ ഷോയുടെ പ്രമോയായി വന്നിട്ടുണ്ട്.
2025 മാർച്ചിൽ തന്റെ ജന്മദിനത്തിന്റെ തലേന്ന് ആമിർ ഖാൻ ഗൗരി സ്പ്രാട്ടിനെ മാധ്യമങ്ങൾക്ക് മുമ്പിൽ പരിചയപ്പെടുത്തിയത്. ഈ ബന്ധം ബോളിവുഡ് വാർത്തകളിൽ വലിയ ചർച്ചയായി. ആമിറിന്‍റെ ആദ്യ വിവാഹം റീന ദത്തയുമായാരുന്നു. ഇത് വേര്‍പിരിഞ്ഞതിന് പിന്നാലെ കിരൺ റാവുവുമായി ആമിര്‍ വിവാഹം കഴിച്ചു. ഈ ബന്ധം 2022 ല്‍ പിരിഞ്ഞു. ഇതിന് ശേഷമാണ് ഗൗരിയുമായി ബന്ധത്തിലായത്. സൽമാൻ ഈ വിഷയത്തെ ഷോയിൽ തന്റെ തനതായ ഹാസ്യശൈലിയിൽ അവതരിപ്പിച്ചതാണ് ഇപ്പോള്‍ വൈറലായത്.

ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയുടെ മൂന്നാം സീസണിന്‍റെ ആദ്യ എപ്പിസോഡ് ജൂണ്‍ 21 ശനിയാഴ്ചയാണ് റിലീസ് ചെയ്യുക. രാത്രി 8 മണിക്കാണ് ഷോ പ്രീമിയര്‍. ഷോയില്‍ സല്‍മാന്‍റെ ഡ്യൂപ്പ് വന്നപ്പോള്‍ സിക്കന്ദര്‍ പരാജയപ്പെട്ടത് സാമ്പത്തികമായി ബാധിച്ചോ, ജോലിയൊക്കെ ഇല്ലെ എന്ന ചോദ്യം ചോദിച്ച് സല്‍മാന്‍ സ്വയം ചിരിക്കുന്നുണ്ട്.
