പനാജി: ചലച്ചിത്ര താരങ്ങളെ എവിടെ കണ്ടാലും സെൽഫി എടുക്കുക എന്നത് ആരാധകരുടെ ശീലമാണ്. പലപ്പോഴും അനുവാദമില്ലാതെ പുറകെ നടന്നാണ് ആരാധകർ താരങ്ങൾക്കൊപ്പം സെൽഫി എടുക്കാറുള്ളത്. ചിലപ്പോൾ ആരാധകരുടെ അതിരുവിട്ട സെൽഫി പ്രേമത്തിന് താരങ്ങളും ഇരയാകേണ്ടി വരാറുണ്ട്. കുറച്ചു ദിവസം മുമ്പ് വിമാനത്താവളത്തിൽ വച്ച് തനിക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകരോട് മാറിനിൽക്കാൻ ആവശ്യപ്പെടുന്ന സെയ്ഫ് അലിഖാന്റെ വീഡിയോ പുറത്തുവന്നിരുന്നു. അത്തരത്തിൽ ഒരു ആരാധകന്റെ സെൽഫി ഭ്രമത്തിനെതിരെ വളരെ രസകരമായി പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് നടൻ സൽമാൻ ഖാൻ.

ഗോവ വിമാനത്താവളത്തിൽ വച്ചായിരുന്നു സംഭവം. തന്റെ അനുവാദം കൂടാതെ വിമാനത്താവളത്തിൽവച്ച് സെൽഫി എടുക്കാൻ ശ്രമിച്ച ആരാധകന്റെ ഫോൺ പിടിച്ചെടുത്തായിരുന്നു സൽമാന്റെ പ്രതികരണം. യുവാവിന്റെ ഫോൺ പിടിച്ചെടുത്ത് നടന്നുനീങ്ങുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തന്റെ ഇഷ്ടതാരത്തിനൊപ്പം നടന്ന് സെൽഫി പകർത്താൻ പാടുപെടുന്ന യുവാവിനെ വീഡിയോയിൽ കാണാം.

ഇതിനിടെയാണ് യുവാവിന്റെ കയ്യിൽനിന്ന് താരം മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നത്. ഫോൺ തിരിച്ചുവാങ്ങുന്നതിനായി താരത്തിന് പുറകെ യുവാവ് ചെന്നെങ്കിലും ചുറ്റുമുള്ളവർ തടയുകയായിരുന്നു. യുവാവിനെ ശ്രദ്ധിക്കാതെ സൽമാൻ ഖാൻ വിമാനത്താവളത്തിന് പുറത്തേക്ക് നടന്നുനീങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്.

തന്റെ പുതിയ ചിത്രം 'രാധെ'യുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ​ഗോവയിലെത്തിയതാണ് താരം. രൺദീപ് ഹൂഡയും ദിശാ പതാനിയുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പ്രഭു ദേവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ വർഷം ഈദ് ദിനത്തിൽ രാധെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.