കാലമെത്ര ചെന്നാലും മലയാളികള്‍ക്ക് മടുക്കാത്ത നര്‍മ്മരംഗങ്ങളുള്ള ചില സിനിമകളുണ്ട്. സംഗീത് ശിവന്‍റെ സംവിധാനത്തില്‍ 1992ല്‍ പുറത്തുവന്ന യോദ്ധാ അക്കൂട്ടത്തില്‍ പെടുന്ന ചിത്രമാണ്. ജഗതി-മോഹന്‍ലാല്‍ കോമ്പിനേഷനിലെ അസാധ്യ ഹ്യൂമര്‍ രംഗങ്ങളായിരുന്നു സിനിമയുടെ ഹൈലൈറ്റ്. തീയേറ്ററുകളിലെത്തി ഇത്രകാലം കഴിഞ്ഞിട്ടും ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ കാണികളെ നേടുന്ന ചിത്രവുമാണ് ഇത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ഏതാനും അപൂര്‍വ്വ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ സംഗീത് ശിവന്‍. മോഹന്‍ലാലിന്‍റെ അറുപതാം പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്‍റെ അസിസ്റ്റന്‍റ്  ഡയറക്ടര്‍ ആയിരുന്ന ഗോപിനാഥ് ആണ് ഇവ അയച്ചുതന്നതെന്നും സംഗീത് ശിവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

"മെയ് 21, നമ്മുടെയെല്ലാം പ്രിയങ്കരനായ ലാൽ സാറിന്‍റെ ജന്മദിനമായിരുന്നു. അന്ന് രാവിലെ വാട്‍സ്ആപ്പ് ഓപ്പൺ ആക്കിയപ്പോൾ പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു മെസേജ് വന്നു. ഓപ്പൺ ആക്കിയപ്പോൾ 28 വർഷങ്ങൾ പിന്നിലേക്ക് പോയി. യോദ്ധ ഷൂട്ടിംഗ് സമയത്ത് എടുത്ത അപൂർവ്വം ചില ചിത്രങ്ങൾ, സെറ്റിൽവെച്ച് ലാൽ സാറിന്‍റെ ബർത്ത് ഡേ ആഘോഷിച്ച നിമിഷങ്ങൾ. ഒരിക്കലും മറക്കാനാവാത്ത ചില നിമിഷങ്ങൾ... ജന്മദിനം ലാൽസാറിന്‍റെ ആയിരുന്നെങ്കിലും ഗിഫ്റ്റ് കിട്ടിയത് എനിക്കായിരുന്നു. ഞങ്ങൾക്കെല്ലാം സർപ്രൈസ് ഒരുക്കിയ യോദ്ധാ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർ ഗോപിനാഥിന് ഒരായിരം നന്ദി", കുറിപ്പിനൊപ്പം ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട് സംഗീത് ശിവന്‍.

ധര്‍മ്മേന്ദ്രയും സണ്ണി ഡിയോളും ബോബി ഡിയോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച്, 2013ല്‍ പ്രദര്‍ശനത്തിനെത്തിയ ഹിന്ദി ചിത്രം യംല പഗ്‍ല ദീവാന 2 ആണ് സംഗീത് ശിവന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ എത്തിയ ചിത്രം. 2000ല്‍ പുറത്തെത്തിയ സ്നേഹപൂര്‍വ്വം അന്നയാണ് മലയാളത്തില്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.