യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാല വിയോഗത്തിന്റ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സനിമാ ലോകവും ആരാധകരും മോചിതമായിട്ടില്ല. പലരും സുശാന്തിന്റെ ഓർമ്മകൾ സമൂ​ഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയാണ്. അത്തരത്തിലൊരാളാണ് സുശാന്തിന്റെ അവസാന ചിത്രത്തിലെ നായിക സഞ്ജന സാംഘി.

സുശാന്തിന്റെ മരണത്തിന് ശേഷം താരത്തിനൊപ്പമുള്ള ഓർമ്മകൾ സഞ്ജന സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ദിൽ ബെച്ചാരയുടെ റിലീസിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ സുശാന്തിന്റെ വേർപാട് ഏൽപ്പിച്ച മരവിപ്പ് മാറാതെ ഓർമ ചിത്രം പങ്കുവയ്ക്കുകയാണ് താരം.

സഞ്ജനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റ്

“നീയെന്റെ നിലാവ്, ഞാൻ നിന്റെ നക്ഷത്രം,
ഞങ്ങൾ സ്നേഹത്തോടെ ഒരുക്കിയ സിനിമ നിങ്ങളിലേക്കെത്താൻ, നിങ്ങളുടെ ഹൃദയത്തിലേക്കെത്താൻ ഇനി ഒരാഴ്ച മാത്രം മതിയെന്ന് വിശ്വസിക്കാനാകുന്നില്ല. ഞങ്ങൾ രണ്ടുപേരുടേയും ഈ പ്രിയപ്പെട്ട ഓർമ്മ നിങ്ങളുമായി പങ്കിടുകയാണ്. 2018ൽ, ദിൽ ബെച്ചാരയുടെ ചിത്രീകരണം ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ എടുത്ത ചിത്രമാണിത്. സിനിമയിൽ ഏറെ സംതൃപ്തി തോന്നിയ ഒരു നിമിഷം. ഈ ഓർമകൾക്കെല്ലാം ഇപ്പോൾ കയ്പ്പും മധുരവുമാണ്. എല്ലാറ്റിനും. എന്ത് വികാരമാണെന്ന് മനസിലാകുന്നില്ല. മരവിപ്പ് മാറുന്നില്ല,”.

ദിൽ ‘ബെച്ചാര’യുടെ ചിത്രീകരണത്തിന്റെ ഇടവേളയിൽ സുശാന്തിനൊപ്പം നൃത്തം ചെയ്യുന്നതിന്റെ ഒരു വീഡിയോ സഞ്ജന കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.