മലയാളികളുടെ പ്രിയം നേടിയ ബാലതാരങ്ങളില്‍ ഒരാളായിരുന്നു ഗോപിക അനില്‍. 'ബാലേട്ടന്‍', 'മയിലാട്ടം' തുടങ്ങിയ സിനിമകളിലെ ഗോപികയുടെ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാപ്രേമിയുടെ മനസില്‍ നില്‍ക്കുന്നവയാണ്. ബാലനടിയെന്ന ഇമേജൊക്കെ മാറ്റി ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയിരിക്കുകയാണ് ഗോപിക. ഏഷ്യാനെറ്റ് പരമ്പര സാന്ത്വനത്തിലെ 'അഞ്ജലി'യാണ് ഗോപികയുടെ പുതിയ ശ്രദ്ധേയ കഥാപാത്രം. 

കഴിഞ്ഞ ദിവസം ഗോപിക പങ്കുവച്ച ഇന്‍സ്റ്റ റീലുകളാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സുരറൈ പോട്ര് എന്ന സൂര്യ ചിത്രത്തിലെ ഹിറ്റ് പാട്ടായ 'കാട്ടു പയലേ' എന്ന പാട്ടിന് ചുവടുവെച്ചാണ് താരം കയ്യടികള്‍ നേടുന്നത്. പരമ്പരയില്‍ 'സേതു'വായെത്തുന്ന ബിജേഷാണ് വീഡിയോ എഡിറ്റ് ചെയ്‍തിരിക്കുന്നത്. ചുവന്ന പട്ടുസാരിയില്‍ കല്ല്യാണ വേഷത്തിലാണ് ഗോപിക എത്തുന്നത്.

'കബനി' എന്ന പരമ്പരയിലൂടെയാണ് ഗോപിക സീരിയുകളിലേക്ക് എത്തുന്നത്. എന്നാല്‍ വൈകാതെ പരമ്പര അവസാനിക്കുകയായിരുന്നു. പിന്നാലെ ഏഷ്യാനെറ്റിന്‍റെ സീരിയല്‍ 'സാന്ത്വന'ത്തിലെ അവസരം ഗോപികയ്ക്ക് മിനിസ്ക്രീനില്‍ ബ്രേക്ക് നല്‍കി. നടന്‍ സജിനും ഗോപികയും അവതരിപ്പിക്കുന്ന ശിവന്‍, അഞ്ജലി കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇരുവര്‍ക്കും നിരവധി ഫാന്‍ പേജുകളുമുണ്ട്.