സ്‌ക്രീനില്‍ 'ശിവനാ'യെത്തിയ സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്

സാന്ത്വനം എന്ന തന്‍റെ ആദ്യ പരമ്പരയിലൂടെ തന്നെ ജനഹൃദയങ്ങളില്‍ ഇടംപിടിച്ച താരമാണ് സജിന്‍. സജിന്‍ എന്നു പറഞ്ഞാല്‍ അതാരാണെന്ന് പലര്‍ക്കും സംശയം ഉണ്ടാകാമെങ്കിലും 'ശിവേട്ടന്‍' എന്നു കേട്ടാല്‍ അറിയാത്ത സീരിയല്‍ പ്രേമികള്‍ ഉണ്ടാവില്ല. സ്‌ക്രീനില്‍ ശിവനായെത്തിയ സജിനെ ഒറ്റ പരമ്പരയിലൂടെയാണ് മലയാളികള്‍ ഹൃദയത്തിലേറ്റിയത്. കൂടുംബപ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പര സാന്ത്വനത്തിലെ ശിവേട്ടനേയും അഞ്ജലിയേയും വളരെ പെട്ടന്നായിരുന്നു മലയാളികള്‍ ഇഷ്ടപ്പെട്ടത്. പ്ലസ് ടു എന്ന ചിത്രത്തിലുടെയാണ് സജിന്‍ അഭിനയത്തിലേക്കെത്തിയത്. എന്നാല്‍ സജിനെ ആളുകള്‍ തിരിച്ചറിഞ്ഞത് ശിവേട്ടനായാണ്. 

താന്‍ മുഖ്യ വേഷം കൈകാര്യം ചെയ്തിരിക്കുന്ന 'സോള്‍മേറ്റ്' എന്ന ഹൃസ്വ ചിത്രത്തിന്‍റെ വിശേഷമാണ് സജിന്‍ കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ തിരകഥാകൃത്തായ ബിബിന്‍ മോഹന്‍ തിരക്കഥയെഴുതി സാരംഗ് വി ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജിനൊപ്പം മുഖ്യ കഥാപാത്രമായെത്തുന്നത് പരമ്പരകളിലൂടെയും ഹൃസ്വ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ മരിയ പ്രിന്‍സാണ്. സില്ലി മോങ്ക്‌സിന്‍റെ ബാനറില്‍ സഞ്ജയ് റെഡ്ഡിയും അനില്‍ പല്ലളയുമാണ് സോള്‍മേറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.

കാണാനുള്ള കട്ട വെയിറ്റിംങ് ആണെന്നാണ് ആരാധകരെല്ലാംതന്നെ സജിന്‍ പങ്കുവച്ച പോസ്റ്ററുകള്‍ക്ക് കമന്‍റ് ചെയ്തിരിക്കുന്നത്. സജിന്‍റെ മിനിസ്‌ക്രീനിലെ സഹതാരങ്ങളും സോഷ്യല്‍മീഡിയ ആരാധകരും എല്ലാംതന്നെ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.