സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പര എന്ന ഗണത്തിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.

പരമ്പരയില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഞ്ജലിയായെത്തുന്ന ഗോപികയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയത് നിരവധി ആളുകളാണ്. ഗോപികയുടെ ചിത്രങ്ങള്‍ ചേര്‍ത്ത വീഡിയോ പങ്കുവച്ചുകൊണ്ട് ബിജേഷ് പിറന്നാളാശംസകളുമായെത്തി, തൊട്ടുപുറകെതന്നെ ചേച്ചിക്കുട്ടിക്ക് പിറന്നാളാശംസകളുമായി അച്ചു സുഗന്ധും എത്തി. കൂടാതെ സാന്ത്വനം പരമ്പരയുടെ ഫാന്‍ പേജുകളിലും ശിവാഞ്ജലി ഫാന്‍ ഗ്രൂപ്പുകളിലുമെല്ലാം പിറന്നാളാശംസയുടെ ഒഴുക്ക് തന്നെയായിരുന്നു. 

ബാലേട്ടന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് ഗോപിക അഭിനയത്തിലേക്കെത്തുന്നത്. കബനി' എന്ന പരമ്പരയിലൂടെയാണ് ഗോപിക സീരിയുകളിലേക്ക് എത്തുന്നതും. എന്നാല്‍ വൈകാതെ പരമ്പര അവസാനിക്കുകയും, പിന്നാലെതന്നെ ഏഷ്യാനെറ്റിന്റെ സീരിയല്‍ 'സാന്ത്വന'ത്തിലെ അവസരം ഗോപികയ്ക്ക് മിനിസ്‌ക്രീനില്‍ ബ്രേക്ക് നല്‍കി. നടന്‍ സജിനും ഗോപികയും അവതരിപ്പിക്കുന്ന ശിവന്‍, അഞ്ജലി കഥാപാത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇരുവര്‍ക്കും നിരവധി ഫാന്‍ പേജുകളുമുണ്ട്.