തന്റെ സഹോദരിമാരോട് വളരെ ക്രൂരമായി പെരുമാറിയിരുന്ന ശ്രാവണി എന്ന കഥാപാത്രത്തെയാണ് സീതാ കല്യാണം സീരിയലില്‍ പ്രേക്ഷകര്‍ ഇതുവരെ കണ്ടത്. എന്ന ആ കഥാപാത്രത്തോട് പ്രേക്ഷകര്‍ക്കുള്ള മനോഭാവം മാറുന്ന തരത്തിലേക്ക് സീതാകല്യാണത്തിന്റെ കഥാഗതി മാറുകയാണ്. സഹോദര ബന്ധത്തിന്റെ ആഴവും പരപ്പും പൊരുത്തക്കേടുകളും ആഴത്തില്‍ അവതരിപ്പിക്കുന്ന സീരിയലിലെ പുതിയ കാഴ്ചകള്‍ ആകാംഷയുണര്‍ത്തുന്നതാണ്.

വരാനിരിക്കുന്ന മഹാ എപ്പിസോഡില്‍ സഹോദരിമാരോട് സ്‌നേഹമുള്ള തങ്ങളുടെ സ്വന്തം ശ്രാവണിയുടെ പിറന്നാള്‍ ആഘോഷിക്കുകയാണ് സീതാ കല്യാണം ടീം. സീരിയല്‍ സെറ്റിലെ ആഘോഷത്തിന്റെ നിമിഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സീതാ കല്യാണം ടീം. കല്യാണും രാജേശ്വരിയും ദേവിയും അജയും വേണുവും എല്ലാം ചേര്‍ന്നാണ് ശ്രാവണിക്ക് പിറന്നാള്‍ ആഘോഷം ഒരുക്കുന്നത്.

ശ്രാവണിയുടെ കഥാപാത്രം ചെയ്യുന്ന അര്‍ച്ചന സുശീലന്‍ തന്റെ സഹോദരിമാരെ സ്‌നേഹിച്ചു തുടങ്ങുന്നു എന്നതാണ് എപ്പിസോഡിന്റെ പ്രധാന പ്രത്യേകത.  ശിവാനി, സീത എന്നീ കഥാപാത്രങ്ങള്‍ ധന്യ മേരി വര്‍ഗീസ്, റെനീഷ റഹ്മാന്‍ എന്നിവരാണ് ചെയ്യുന്നത്. പിറന്നാള്‍ മഹാ എപ്പിസോഡില്‍ ചില സര്‍പ്രൈസ് അതിഥികളും എത്തുന്നുണ്ട്. സിനിമാ താരം മറീന മൈക്കിള്‍ കുരിശ്ശിങ്കലാണ് ആദ്യമായി സീരിയലിന്റെ സ്‌ക്രീനിലേക്ക് എത്തുന്നത്. തന്റെ ആദ്യത്തെ സീരിയല്‍ അനുഭവമാണ് മഹാ എപ്പിസോഡില്‍ സാധ്യമാകുന്നതെന്ന് മറീന ഏഷ്യാനെറ്റ് ടീം ഷൂട്ടിങ് വേളയില്‍ പുറത്തുവിട്ട ഫേസ്ബുക്ക് ലൈവ് ദൃശ്യങ്ങളില്‍ പറയുന്നു.

ഷൂട്ടിങ്ങിനായി ഒരുക്കിയിരിക്കുന്ന ബെര്‍ത്ത് ഡേ സെറ്റും ദൃശ്യങ്ങളില്‍ കാണാം. ചുവപ്പ് ഗൗണില്‍ അതീവ സുന്ദരിയായിട്ടാണ് അര്‍ച്ചന പ്രത്യക്ഷപ്പെടുന്നത്. തന്റെ ശരിക്കുള്ള പിറന്നാള്‍ വരാനിരിക്കുകയാണെന്നും അതിനുമുന്‍പ് അത് ഇവിടെ ആഘോഷിക്കുകയാണെന്നും അര്‍ച്ചന ലൈവില്‍ പറഞ്ഞു. പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ശ്രാവണിയുടെ പിറന്നാളാഘോഷത്തിന്റെ ഒരുക്കങ്ങള്‍ കാണാം.