സീതാകല്ല്യാണം എന്ന പരമ്പരയിലെ കല്ല്യാണിനെ സീരിയല്‍ പ്രേമികള്‍ക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല. ആ കഥാപാത്രത്തെ അത്രമേല്‍ തന്മയത്വത്തിലാണ് അനൂപ് അവതരിപ്പിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ അനൂപിന് കോവിഡ് പോസിറ്റീവായതും രോഗമുക്തി നേടിയതുമെല്ലാം അടുത്തിടെയാണ് പ്രേക്ഷകര്‍ അറിയുന്നത്. ഇപ്പോളിതാ തന്‍റെ കൊവിഡ് അനുഭവം പങ്കുവയ്ക്കുകയാണ് അനൂപ്.

തിരുവനന്തപുരത്ത് ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നപ്പോളാണ് ചെറിയ പനിക്കോളും മൂക്കൊലിപ്പും ശരീരവേദനയും അനുഭവപ്പെട്ടതെന്നും തുടര്‍ന്നുള്ള പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞതെന്നും അനൂപ് പറയുന്നു. ശരീരം ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങിയതിന് ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് ചെക്കപ്പ് നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നെന്നും തുടര്‍ന്നുള്ള ഏതോ ദിവസമാകാം പോസിറ്റീവായതെന്നും അനൂപ് പറയുന്നു. ചെറിയ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടപ്പോഴേക്കും സഹപ്രവര്‍ത്തകരുടെ അടുത്തുനിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയിരുന്നെന്നും താനായിട്ട് ആര്‍ക്കും കൊടുത്തില്ലെന്നാണ് വിശ്വാസമെന്നും ലൈവ് വീഡിയോയിലൂടെ അനൂപ് പറഞ്ഞു.

കഴിഞ്ഞ എട്ടാംതിയ്യതി വൈകുന്നേരമായപ്പോഴേക്കും ശരീരവേദനയും മറ്റും കൂടിയെന്നും എന്നാല്‍ കുറച്ച് ദിവസം മുന്‍പേ ചെക്ക് ചെയ്‍തിരുന്നതിനാല്‍ കൊറോണ എന്ന ചിന്ത വന്നില്ലെന്നും അനൂപ് പറയുന്നു. "എന്നാല്‍ അടുത്തദിവസംതന്നെ വീട്ടിലേക്ക് മടങ്ങിയെത്തി ക്വാറന്‍റൈനില്‍ ആയി. പിന്നാലെ നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. പനി മാറിയെങ്കിലും തുടര്‍ദിവസങ്ങളില്‍ ഗന്ധം അറിയാന്‍ കഴിഞ്ഞിരുന്നില്ല. എരിവോ ഉപ്പോ മധുരമോ അല്ലാതെയുള്ള രുചികളും മനസിലാക്കാന്‍ കഴിഞ്ഞിരുന്നില്ല", ചെറുപ്പത്തിലേ പെട്ടെന്ന് കഫക്കെട്ട് വരുന്ന ആളായിരുന്നതിനാലാവണം കൊറോണ പെട്ടെന്ന് ചാടിപ്പിടിച്ചതെന്ന് അനൂപ് തമാശ പറയുന്നു.  രോഗം മാറാന്‍ തുടങ്ങിയതോടെ ക്ഷീണം കൂടുതലാണെന്നും ബ്രീത്തിംഗ് എക്‌സര്‍സൈസ് ആവശ്യമാണെന്നും ലൈവ് വീഡിയോയില്‍ അനൂപ് പറഞ്ഞു. കൊവിഡ് നെഗറ്റീവ് ആണെന്നറിഞ്ഞിട്ടും മുന്‍കരുതലിന്‍റെ ഭാഗമായി അനൂപ് ഇപ്പോഴും വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ തുടരുകയാണ്.

അനൂപിൻറെ വീഡിയോ കാണാം

 
 
 
 
 
 
 
 
 
 
 
 
 

covid 19 corona virus

A post shared by Anoop_Krishnan_Official (@anoopanughil) on Oct 26, 2020 at 7:15am PDT