സഹോദരസ്‌നേഹത്തിന്റെ ആഴവും തീവ്രതയും ദൃശ്യവത്കരിച്ച്, പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായി മുന്നേറുന്ന സീതാകല്ല്യാണം 364 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ കുതന്ത്രങ്ങള്‍പോലും മെനയാനാകാത്ത വിധം രാജേശ്വരി കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ ഒന്നിനുപിറകേ ഒന്നെന്ന രീതിയില്‍ കഷ്ടകാലത്തിന്റെ പെരുമഴയിലാണ് സീതയും കല്ല്യാണും. എന്നാല്‍ അവര്‍ അതില്‍നിന്നും കരകയറാന്‍ തുടങ്ങുന്നുവെന്ന തരത്തിലാണ് പുതിയ എപ്പിസോഡ് എത്തിനില്‍ക്കുന്നത്. സീത ഡിസൈന്‍ ചെയ്ത വസ്ത്രം അജയ്‌യും രാജേശ്വരിയും കൂടി പിറന്നാള്‍ പാര്‍ട്ടിയില്‍നിന്ന് മാറ്റുകയാണ്. രാജേശ്വരിയാണ് ഇതിന് പിന്നിലെന്ന് എല്ലാവര്‍ക്കുമറിയാമെങ്കിലും അവര്‍ സത്യം സമ്മതിക്കാന്‍ തയ്യാറല്ല.

കൈയ്യില്‍ ഒരു കവറുമായി ഓഫീസിലേക്കെന്നുംപറഞ്ഞ് അജയ് വീട്ടില്‍നിന്നും ഇറങ്ങിപ്പോയെന്നും അതില്‍ സീത ഡിസൈന്‍ ചെയ്ത വസ്ത്രമാണെന്നും സ്വാതി പറയുകയാണ്. എത്രയുംപെട്ടന്ന് അജയ്‌യെ കണ്ടെത്തി ഡിസൈന്‍ ചെയ്ത വസ്ത്രം തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് ശ്രീമംഗലത്ത് എല്ലാവരും. സീതയുടേയും കല്ല്യാണിന്റേയും ജീവിതമാണ് വെറുമൊരു കവറിലിട്ടുകൊണ്ട് അജയ് പോയതെന്നോര്‍ക്കുമ്പോള്‍ ശ്രാവണിയുടെ മനസ്സില്‍ സങ്കടം പെരുകുകയാണ്. ശ്രീമംഗലത്ത് പിറന്നാള്‍ ആഘോഷത്തിനും വസ്ത്രത്തിന് ഓര്‍ഡര്‍ നല്‍കാനുമായെത്തിയ മെറീനയും മറ്റും അവര്‍ക്ക് തിരികെ പോകാനുള്ള വിമാനം മിസ്സാകുമെന്ന ഭയത്തിലാണ്. 

ഓഫീസിലെത്തിയ സീതയും കല്ല്യാണും വസ്ത്രത്തിന്റെ വിവിധ ഫോട്ടോകള്‍ എടുക്കുന്ന അജയ്‌യെയാണ് കാണുന്നത്. അവിടെ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുന്നു. ഏട്ടനും അനിയനും കയ്യാങ്കളിയിലേക്ക് എത്തുന്നുണ്ട്. അവസാനം കാഴ്ച്ചക്കാരെ ഉദ്യോഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കൂട്ടിക്കൊണ്ടുപോയി ഡിസൈന്‍ ചെയ്ത വസ്ത്രവുമായി സീതയും കല്ല്യാണും ശ്രീമംഗലത്ത് എത്തുകയാണ്. ശ്രീമംഗലത്ത് വസ്ത്രവുമായി തിരിച്ചെത്തിയ സീതയേയും കല്ല്യാണിനേയും കാത്തിരുന്നത് വലിയൊരു ഓര്‍ഡറാണ്. മെറീനയും മറ്റും അവരുടെ ഡിസൈനിനെ പുകഴ്ത്തുകയും മെറീനതന്നെ വസ്ത്രത്തിന്റെ പരസ്യത്തില്‍ നില്‍ക്കുമെന്നും പറയുകയാണ്. പിറന്നാളാഘോഷത്തോടെ മൂന്നു സഹോദരിമാരും ഒന്നാവുകയാണ്. സ്വാതിയും ശ്രാവണിയോട് അടുക്കുകയാണ് എന്നത് പരമ്പരയെ പുത്തന്‍ വഴിത്തിരിവിലേക്ക് നയിക്കുകയാണ്. തന്റെ പദ്ധതികളെല്ലാം പാളിയെങ്കിലും അടിയറവ് പറയാന്‍ രാജേശ്വരി ഒരുക്കമായിട്ടില്ല. ഇത്രയുംനാള്‍ സീതയും ശ്രാവണിയും മാത്രമായൊതുങ്ങിയ സഹോദര, സ്‌നേഹക്കൂട്ടിലേക്ക് സ്വാതിയുമെത്തുമ്പോള്‍ പരമ്പര എന്തെല്ലാമാണ് ഒളിപ്പിച്ചുവച്ചിരിക്കുന്നതെന്നറിയാന്‍ എപ്പിസോഡുകള്‍ കാത്തിരിക്കേണ്ടിയിരിക്കുന്നു.