സഹോദരസ്നേഹത്തിന്റെ തീവ്രത വരച്ചുകാട്ടി, 366 എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ സീതാകല്ല്യാണത്തിലെ വീട് രണ്ട് ചേരിയായി തിരിയുകയാണ്. അജയ്‌യും രാജേശ്വരിയും ഒരു ഭാഗത്തും സഹോദരിമാരും കല്ല്യാണും അച്ഛന്‍ വേണുവും മറുഭാഗത്തും അണിനിരക്കുന്നു. കുതന്ത്രങ്ങള്‍ എത്രതന്നെ കയ്യോടെ പിടിച്ചാലും വീണ്ടും പുതിയ തന്ത്രങ്ങളുമായി രാജേശ്വരി എത്തുമെന്നത് കാഴ്ച്ചക്കാരെ ആകാംക്ഷയിലാക്കുന്നു.

പിറന്നാളാഘോഷ ദിനത്തില്‍ രാജേശ്വരിയുടെ കുതന്ത്രങ്ങള്‍ കയ്യോടെ പിടിച്ചതിനുപിന്നാലെ മൂന്നു സഹോദരിമാരും ഒന്നിക്കുകയാണ്. ശ്രാവണിയുടെ സ്നേഹസമ്പന്നയായ സഹോദരി എന്ന മുഖം സ്വാതിയ്ക്കും മനസ്സിലായതോടെ പരമ്പര സഹോദര സ്നേഹത്തിന്റെ തീവ്രത ഒപ്പിയെടുത്താണ് മുന്നോട്ടുപോകുന്നത്. പിറന്നാളാഘോഷത്തിനുശേഷം ശ്രാവണി അഭിറാമില്‍നിന്ന് ഒളിച്ചോടാനായി വീട്ടില്‍നിന്ന് പോകാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും സ്വാതിയുടെയും സീതയുടേയും സ്നേഹത്തിനുമുന്നില്‍ യാത്ര ഉപേക്ഷിക്കുകയാണ്. എന്നാല്‍ തന്നെ തന്റെ ഭാര്യ ചതിച്ചെന്ന ചിന്തയില്‍ അജയ്‌യും സ്വാതിയും തമ്മിലുള്ള ബന്ധം വഷളാവുകയാണ്. തെറ്റ് ചെയ്തതല്ല കുഴപ്പം, അത് കണ്ടുപിടിച്ചതാണ് കുഴപ്പം എന്ന് സ്വാതി കരുതുന്നുണ്ടെങ്കിലും സ്വാതിയ്ക്ക് അതില്‍ യാതൊരുവിധ സങ്കടവുമില്ല. സീതയെ നശിപ്പിച്ചേ താന്‍ അടങ്ങുകയുള്ളൂവെണ് രാജേശ്വരി വീണ്ടും പ്രതിജ്ഞ എടുക്കുകയാണ്. അജയ്‌യെ കണ്ട് സ്വാതിയെ വിവാഹമോചനം ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് രാജേശ്വരി പുതുതായി മെനയുന്നത്.

അതേസമയം ശ്രാവണിയെ കണ്ടെത്തി, വിവാഹം ചെയ്ത് സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ് അഭിറാം. കേരളത്തിലെ കൂട്ടുകാരനോട് ശ്രാവണിയുടെ ഓഫീസില്‍ചെന്ന് ഒരു അന്വേഷണം നടത്തി ശ്രാവണി എവിടെയാണെന്ന് കണ്ടുപിടിക്കാന്‍ അഭിറാം പറയുന്നുണ്ട്. അഭിറാമിന്റെ വരവും ശ്രാവണിയെ തിരയുന്നതും മറ്റും പരമ്പരയില്‍ കലുക്ഷിത മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്.

'ശ്രാവണിയെ എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല, എല്ലാ പ്രശ്നങ്ങള്‍ക്കും ആണിക്കല്ല് ശ്രാവണിയാണെന്ന് വെറുതെ തെറ്റിദ്ധരിച്ചുപോയി, നീയെന്നോട് ക്ഷമിക്കൂ സീതാ', എന്നാണ് കല്ല്യാണ്‍ സീതയോട് പറയുന്നത്. എല്ലാത്തിന്റെയും പിന്നില്‍ രാജേശ്വരി തന്നെയായിരുന്നുവെന്ന് കല്യാണും മനസിലാക്കുകയാണ്. പണ്ടുണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും സ്വാതിയും ശ്രാവണിയും പറഞ്ഞുചിരിക്കുകയും അതെല്ലാം എത്ര ബാലിശമായിരുന്നു എന്ന് ചിന്തിക്കുകയുമാണ്. ശ്രാവണിയുടെ രോഗവിവരങ്ങള്‍ കേട്ട് സ്വാതി പൊട്ടിക്കരയുന്നത് പരമ്പരയില്‍ സഹോദര സ്നേഹത്തിന്റെ ആഴങ്ങള്‍ തുറന്നുകാണിക്കുകയാണ് ചെയ്യുന്നത്.

സ്വാതിയുടെ വിവാഹമോചനത്തിന് ചരടുവലിക്കുന്ന രാജേശ്വരി സഹോദരിമാര്‍ക്ക് പുതിയ തലവേദനയാകുമോ, അഭിറാമിന്റെ വരവ് പരമ്പരയുടെ കഥാഗതിയ്ക്ക് എന്താകും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കാത്തിരുന്ന് കാണാം.