പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സീതാകല്ല്യാണം ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സീത ഗര്‍ഭിണിയാണെന്ന സത്യം രാജേശ്വരി അറിഞ്ഞുകഴിഞ്ഞു. സ്വാതിക്ക് കുഞ്ഞ് ജനിക്കുന്നത് വഴി സ്വത്തെല്ലാം തന്നിലേക്ക് വന്നുചേരുമെന്ന് കരുതിയ രാജേശ്വരി ഇപ്പോള്‍ ആകെ അങ്കലാപ്പിലാണ്. അതേസമയം സീത അമ്മയാകാനുള്ള ഒരുക്കത്തിലാണുള്ളത്. ഗര്‍ഭിണിയായിരിക്കുന്ന സീതയ്ക്ക് ഭക്ഷണം കൊടുക്കലും മറ്റുമായി കല്ല്യാണും, അച്ഛനാകാന്‍ പോകുന്നതിന്റെ ആഹ്ലാദത്തിലാണ്.

തീപ്പൊരി ഭാസ്‌കരനെതിരെയുള്ള പല കേസുകളും ഇപ്പോള്‍ വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്. നാട്ടില്‍ നില്‍ക്കാനാവാത്ത ഭാസ്‌കരന്‍ ഗള്‍ഫിലേക്ക് പോകാന്‍ പല വഴികളും നോക്കുന്നുണ്ട്. എന്നാല്‍ തന്നെ ഈ നിലയാക്കിയ സീതയ്ക്ക് അര്‍ഹിക്കുന്ന തിരിച്ചടി നല്‍കിയിട്ടേ നാടുവിടൂ എന്നും ഭാസ്‌കരന് തീരുമാനമുണ്ട്. അതുപോലെതന്നെ പാര്‍ട്ടിയിലെ ആരുംതന്നെ ഭാസ്‌കരനെ പരിഗണിക്കുന്നില്ല. ഭാസ്‌കരന്‍ അക്കാര്യത്തിലെ തന്റെ എതിര്‍പ്പ് അറിയിക്കുന്നുവെങ്കിലും ആത് ഫലമൊന്നും ഉണ്ടാക്കുന്നില്ല.

സീതയ്ക്കാണ് എല്ലാ സ്വത്തുക്കളും കിട്ടുക എന്നറിഞ്ഞ രാജേശ്വരി ആകെ മനപ്രയാസത്തിലാണ്. ആദ്യം ജനിക്കുന്ന കുട്ടിക്കാണ് എല്ലാ സ്വത്തുക്കളും എന്നാണ് രാജേശ്വരി കരുതുന്നത്. സീതയാകും സര്‍വ്വസ്വത്തിനും ഉടമയാകുക എന്നറിഞ്ഞ രാജേശ്വരി തലകറങ്ങി വീഴുന്നതും മറ്റുമായ രംഗങ്ങള്‍ പരമ്പരയെ രസകരമാക്കുന്നുണ്ട്. സ്വാതി ഗര്‍ഭിണി ആകാത്തതില്‍ രാജേശ്വരി, പല രംഗങ്ങളിലും അജയ്‌യോടും സ്വാതിയോടും കയര്‍ക്കുന്നുമുണ്ട്. അമ്മയുടെ ചീത്തവിളിയും, ഗര്‍ഭിണിയാകാത്തതിന്റെ സങ്കടവും പേറി നടക്കുന്ന സ്വാതിയെ അജയ് സമാധാനിപ്പിക്കുന്നുണ്ട്.

അതേസമയം ശ്രാവണി നാട്ടില്‍നിന്നും പോകാനുള്ള ശ്രമത്തിലാണ്. എങ്ങനെയെങ്കിലും ഈ നാട്ടില്‍നിന്നും മുംബൈയിലെ തന്റെ ദീദിയുടെ അടുത്തേക്കെത്താനാണ് ശ്രാവണി ആഗ്രഹിക്കുന്നത്. അഭിറാം ജയിലില്‍ നിന്നിറങ്ങിയാല്‍ തന്നെ തേടിവരും എന്ന് ശ്രാവണിക്ക് ഉറപ്പാണ്, അതിനാല്‍ത്തന്നെയാണ് ശ്രാവണി മുംബൈയിലേക്ക് തിരിക്കാന്‍ നോക്കുന്നതും. വക്കീലിനെ കാണുന്ന ശ്രാവണി, രാജേശ്വരി സ്വത്തിന്റെ കാര്യം എല്ലാം അറിഞ്ഞെന്ന കാര്യം പറയുന്നുണ്ട്. ഒസ്യത്ത് പ്രകാരം ആദ്യം ജനിക്കുന്ന കുട്ടിക്കാണ് മുഴുവന്‍ സ്വത്തിന്റെയും അവകാശമെന്നാണ് താന്‍ രാജേശ്വരിയോട് പറഞ്ഞതെന്നും വക്കീല്‍ ശ്രാവണിയോട് പറയുന്നുണ്ട്. അത് ഏതായാലും മാറ്റിപ്പറയേണ്ടെന്നും, അതങ്ങനെതന്നെ നില്‍ക്കട്ടെയെന്നും ശ്രാവണി വക്കീലിനോട് പറയുന്നുണ്ട്.

ഭാസ്‌കരന്‍ പരമ്പരയിലെ വില്ലനായി മാറിക്കഴിഞ്ഞിരിക്കുന്നു. സീതയെ ഏതുവിധേനയും നശിപ്പിക്കും എന്ന ഭാസ്‌കരന്റെ വെല്ലുവിളി പരമ്പരയെ ഒന്നാകെ ആകാംക്ഷാഭരിതമാക്കുന്നുണ്ട്. രാജേശ്വരിയും സീതയ്ക്ക് വെല്ലുവിളിയായി മാറുകയാണ്. എന്താകും പരമ്പര ഒളിപ്പിച്ചിരിക്കുന്ന കഥാഗതി എന്നറിയാന്‍ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കേണ്ടിയിരിക്കുന്നു.