സഹോദരിമാര്‍ക്കിടയിലുണ്ടാവുന്ന പൊരുത്തവും പൊരുത്തക്കേടുകളും പശ്ചാത്തലമാക്കുന്ന പരമ്പരയാണ് സീതാകല്യാണം. സീതയുടെയും സ്വാതിയുടെയും അമ്മായിയമ്മ രാജേശ്വരി അവരെ തമ്മിലടിപ്പിക്കാനായി വീട്ടിലെത്തിച്ച ശ്രാവണി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു, തുടക്കത്തില്‍. പക്ഷേ നിലവില്‍ ശ്രാവണിയാണ് പരമ്പരയിലെ കേന്ദ്രകഥാപാത്രം എന്ന് പറയേണ്ടിയിരിക്കുന്നു. അതേസമയം അനിയത്തിമാരെ സഹായിക്കുകയാണ് നിലവില്‍ ശ്രാവണി ചെയ്യുന്നതെന്ന് തിരിച്ചറിഞ്ഞ രാജേശ്വരിയുടെ ലക്ഷ്യം അവളെ എങ്ങനെയെങ്കിലും മടക്കിയയക്കണം എന്നാണ്.

രണ്ട് സഹോദരിമാരെ തമ്മില്‍തെറ്റിക്കാനായി ശ്രമിച്ചിരുന്ന രാജേശ്വരിക്ക് ഇപ്പോള്‍ മൂന്ന് സഹോദരിമാരെയും തമ്മില്‍ അകറ്റാനുള്ള പെടാപ്പാടാണ്. ഒന്നിനു പിറകെ ഒന്നെന്ന നിലയില്‍ രാജേശ്വരി കുതന്ത്രങ്ങള്‍ മെനയുകയും അതെല്ലാം തകരുകയുമാണ്. അതേസമയം ശ്രാവണിയ്ക്ക് മസ്തിഷ്‌കാര്‍ബുദമാണെന്ന് രണ്ട് സഹോദരിമാരും അറിഞ്ഞുകഴിഞ്ഞു. ചേച്ചി ഇനി തങ്ങളുടെകൂടെ അധികകാലം ഉണ്ടാവില്ലെന്ന തിരിച്ചറിവ് അവരെ തീരാദു:ഖത്തിലേക്ക് നയിക്കുകയാണ്.

സ്വാതിയുടെ ഭര്‍ത്താവായ അജയ്‌യും അമ്മ രാജേശ്വരിയും ശ്രാവണിയുടെ പിറന്നാളാഘോഷത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിച്ചത് അവര്‍ക്കുതന്നെ വിനയായിരിക്കുകയാണ് ഇപ്പോള്‍. അവര്‍ വീട്ടില്‍ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. അജയ്‌യെക്കൊണ്ട് സ്വാതിയെ വിവാഹമോചനം ചെയ്യിപ്പിച്ച് സഹോദരിമാര്‍ക്ക് പ്രഹരമേല്‍പ്പിക്കാനാണ് രാജേശ്വരിയുടെ നിലവിലെ ഒരുക്കം. അതേസമയം ശ്രാവണിയെ കൂട്ടിക്കൊണ്ടുപോകാന്‍ മുന്‍കാമുകന്‍ അഭിറാമും കരുക്കള്‍ നീക്കുകയാണ്. കൂട്ടിക്കൊണ്ടുപോവുക എന്ന് പറയുന്നതിനേക്കാള്‍ തട്ടിക്കൊണ്ടുപോവുക എന്ന് പറയുന്നതാകും കൂടുതല്‍ യോജ്യം. കാരണം ശ്രാവണിയുടെ രോഗത്തെപ്പറ്റി മനസ്സിലാക്കിയ അഭിറാം അവളെ എത്രയുംപെട്ടന്ന് കല്ല്യാണം കഴിച്ച് ശ്രാവണി മരിച്ചാല്‍ അവളുടെ സ്വത്ത് കൈക്കലാക്കാനുള്ള കിണഞ്ഞ പരിശ്രമത്തിലാണ്. രാജേശ്വരി ശ്രാവണിയെ സംരക്ഷിക്കുന്നു എന്ന് കരുതുന്ന അഭിറാം അവരെയും സഹോദരിമാരെയും ഇല്ലാതാക്കി ശ്രാവണിയെ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്.

പുതിയ എപ്പിസോഡില്‍ അഭിറാം രാജേശ്വരിയുടെ മാനേജര്‍ മൂര്‍ത്തിയെ തട്ടിക്കൊണ്ടുപോയിട്ട് രാജേശ്വരിയെ വിളിപ്പിച്ചു വരുത്തുകയാണ്. എന്നാല്‍ അവിടെവച്ച് നമ്മുടെ പൊതുശത്രുവാണ് ശ്രാവണി എന്ന് രാജേശ്വരി പ്രഖ്യാപിക്കുകയാണ്. പരമ്പരയുടെ കഥാഗതി ഇനി എന്താവുമെന്ന് കാത്തിരുന്ന് കാണാം.