ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയായിരുന്നു അശ്വതി ശ്രീകാന്ത്. വ്യത്യസ്തമായ ശൈലിയിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അശ്വതി ഇപ്പോള്‍ അഭിനയത്തിലേക്കു കൂടി ചുവടുമാറ്റിയിരിക്കുകയാണ്. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. പ്രിയപ്പെട്ട അവതാരക അഭിനയത്തിലേക്ക് കാലെടുത്തുവച്ചതും നിറഞ്ഞ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്. കോമഡിക്ക് മുന്‍തൂക്കമുള്ള ചക്കപ്പഴത്തേയും ആരാധകര്‍ പെട്ടന്നുതന്നെ ഹൃദയത്തിലേറ്റിക്കഴിഞ്ഞു.

നിലപാടുകള്‍കൊണ്ടും, വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും എക്കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. തന്റെ മകളുമൊന്നിച്ചുള്ള ചിത്രങ്ങള്‍ താരം ഇടയ്‌ക്കെല്ലാം പങ്കുവയ്ക്കാറുണ്ട്. മകള്‍ പദ്മയെക്കുറിച്ച് അശ്വതി അടുത്തിടെ എഴുതിയ ചെറിയ കുറിപ്പ് സോഷ്യല്‍ മീഡിയയിലൊന്നടങ്കം വൈറലായിരുന്നു. 'ഉള്ളില്‍ നിന്നും, കൈയ്യില്‍ നിന്നും, ഒക്കത്തു നിന്നും, മടിയില്‍ നിന്നും ഇറങ്ങി ഒപ്പം വിരല്‍ തൂങ്ങി നടന്നവള്‍ മുന്നേ നടക്കാന്‍ പഠിക്കുന്നു... പെണ്‍മക്കള്‍ വളര്‍ന്ന് പതിയെ പതിയെ കൂട്ടുകാരികളാവുന്നൊരു ട്രാന്‍സിഷന്‍ ഉണ്ട്' എന്നുള്ള കുറിപ്പ് ഇരു കയ്യുംനീട്ടിയാണ് എല്ലാവരും സ്വീകരിച്ചത്.

ഇപ്പോഴിതാ മകളുമൊന്നിച്ചുള്ള ഒരു ഓര്‍മ്മച്ചിത്രം പങ്കുവച്ചിരിക്കുകയാണ് അശ്വതി. കുഞ്ഞായിരുന്ന മകളെ നോക്കാനായി ഏല്‍പ്പിക്കാന്‍ ആരുമില്ലാത്ത സമയത്ത്, മകളേയും തോളിലേറ്റി ജോലിക്കുപോയിരുന്ന ചിത്രമാണ് അശ്വതി പങ്കുവച്ചത്. 'നോക്കാന്‍ ആളില്ലാഞ്ഞിട്ട് കുഞ്ഞിനേം കൊണ്ട് സ്റ്റുഡിയോയില്‍ പോയിരുന്ന ഒരു റേഡിയോക്കാലം. അമ്മേടെ രാത്രി ശിവരാത്രി ആക്കിയിട്ട്, ജോലിക്ക് പോന്നപ്പോള്‍ ഒക്കത്ത് കയറി കൂടെ പോന്നിട്ട് ഞെളിഞ്ഞിരിക്കണ ഇരുപ്പു കണ്ടാ' എന്ന കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. ശില്പ ബാല, ആര്‍.ജെ നീന തുടങ്ങി നിരവധി ആളുകളാണ് കമന്റുമായി എത്തിയിരിക്കുന്നത്.