കറുത്തമുത്ത് എന്ന പരമ്പരയിൽ ഗായത്രി എന്ന പ്രതിനായികാ കഥാപാത്രമായി  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദർശന ദാസ്. കറുത്തമുത്തിനു ശേഷം പട്ടുസാരി, സുമംഗലീ ഭവ, മൗനരാഗം തുടങ്ങിയ പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത് വരികയാണ് താരം. സ്വതസിദ്ധമായ അഭിനയമികവുകൊണ്ട് ഏതുവേഷവും തനിക്ക് ചേരുമെന്ന് ദര്‍ശന ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. അതിനിടെയായിരുന്നു വിവാഹം.  സുമംഗലീ ഭവ എന്ന പരമ്പരയിലെ 'ദേവി' എന്ന വേഷം കൈകാര്യം ചെയ്യുന്ന സമയത്താണ് ദര്‍ശന, പരമ്പരയുടെ അസിസ്റ്റന്‍റ് ഡയറക്ടറായ അനൂപിനെ വിവാഹം കഴിക്കുന്നത്.

വിവാഹം നടന്നതുമുതല്‍ ദര്‍ശനയേയും അനൂപിനേയും കുറിച്ച് പലതരം ഗോസിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. തങ്ങളുടേത് അറേഞ്ച്ഡ് മാര്യേജ് ആയിരുന്നുവെന്നാണ് ദര്‍ശന ഇതിനോട് പ്രതികരിച്ചത്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി വരുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് ദര്‍ശന. 'പുതിയ  ജീവിതത്തിന്‍റെ സന്തോഷം വാക്കുകളിൽ പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല', തന്‍റെ ചിത്രത്തിനൊപ്പം ദര്‍ശന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.