ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായ റബേക്ക സന്തോഷും (Rebecca Santhosh) സംവിധായകന്‍ ശ്രീജിത്ത് വിജയനും (Sreejith Vijayan) തമ്മിലുള്ള വിവാഹം കഴിഞ്ഞ ദിവസം നടന്നു. എറണാകുളത്തെ ഇന്ദ്രിയ സാന്‍ഡ്‌സ് എന്ന സ്വകാര്യ ബീച്ച് ഹോട്ടലില്‍ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സിനിമാ, സീരിയല്‍ രംഗത്തെ സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹചിത്രങ്ങളെല്ലാംതന്നെ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

നീല കരയോടുകൂടിയ ഓഫ് വൈറ്റ് വിവാഹ സാരിയില്‍, സാരിക്കിണങ്ങുന്ന ആഭരണങ്ങളോടുകൂടി മനോഹരിയായാണ് റബേക്കയുള്ളത്. ക്രീം കളര്‍ സില്‍ക് ഷര്‍ട്ടിനൊപ്പം, കസവ് കരയുള്ള മുണ്ടായിരുന്നു ശ്രീജിത്തിന്‍റെ വേഷം. താലിയുടെ കൂടെ രണ്ടുപേരും പരസ്പരം തുളസിമാലയും അണിഞ്ഞു. സീരിയല്‍ താരങ്ങളായ അന്‍ഷിദ അന്‍ജി, ബിപിന്‍ ജോസ് തുടങ്ങിയവരും സലീം കുമാര്‍, നമിതാ പ്രമോദ് തുടങ്ങിയ സിനാമാ താരങ്ങളും വിവാഹത്തിനെത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കസ്തൂരിമാന്‍ എന്ന പരമ്പരയിലെ കാവ്യയിലൂടെയാണ് റബേക്ക പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാകുന്നത്. വളരെ ചെറുപ്പത്തില്‍ത്തന്നെ സ്‌ക്രീനിലെത്തിയ റബേക്ക ഏറെ ശ്രദ്ധ നേടിയത് കസ്തൂരിമാനിലൂടെയായിരുന്നു. സൂര്യ ടി വിയിലെ കളിവീട് എന്ന പരമ്പരയിലാണ് റബേക്ക നിലവില്‍ വേഷമിടുന്നത്. മാര്‍ഗംകളി എന്ന സിനിമയുടെ സംവിധായകനാണ് ശ്രീജിത്ത്. കൂടാതെ സണ്ണി ലിയോണിയെ പ്രധാന കഥാപാത്രമാക്കിയുള്ള ഷീറോ എന്ന സിനിമയുടെ പണിപ്പുരയിലുമാണ് ശ്രീജിത്ത്.

View post on Instagram