അച്ഛപ്പം കഥകൾ വായനക്കാർ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ, തൻറെ പുതിയ കഥയുമായി എത്തിയിരിക്കയാണ് പരസ്പരം പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതയായ ഗായത്രി അരുൺ.

ലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഐ.എ.എസുകാരിയാണ് ദീപ്തി. പരസ്പരം (Parasparam) എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികള്‍ക്ക് പരിചിതയായ ഗായത്രി (Gayathri Arun) പരമ്പരയ്ക്കുശേഷം വണ്‍ എന്ന മമ്മൂട്ടി (Mammootty) ചിത്രത്തിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു. അടുത്തിടെയായിരുന്നു ഗായത്രിയുടെ ആദ്യത്തെ കഥാസമാഹാരമായ അച്ഛപ്പം കഥകള്‍ പ്രകാശനം ചെയ്തത്. ഓണ്‍ലൈനായി മോഹന്‍ലാല്‍ (Mohanlal) ആയിരുന്നു പുസ്തകപ്രകാശനം ചെയ്തത്. പുസ്തകം ഇരുകയ്യും നീട്ടി സ്വീകരിച്ച ആരാധകരുടെ ചോദ്യം, ഇനി എഴുത്തിലേക്ക് തിരിയുകയാണോ എന്നായിരുന്നു. എന്നാല്‍ എഴുത്തും അഭിനയവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് ഗായത്രി.

ഗായത്രിയുടെ പുതിയ ചെറുകഥ പ്രത്യക്ഷപ്പെട്ടത് ഇന്ത്യന്‍ എക്‌സ്പ്രസ് കുട്ടിക്കഥക്കൂട്ടിലാണ്. ഉണ്ണിഭൂതം എന്ന കഥ തീര്‍ത്തും കുട്ടികള്‍ക്കായി ഗായത്രി എഴുതിയതാണ്. മുത്തശ്ശിക്കഥ കേട്ടുറങ്ങിയ ഒരു ബാല്യം നമുക്ക് പലര്‍ക്കുമുണ്ടെന്നും, തന്റെ കുട്ടിക്കാലത്ത് ഏറെ കൊതിച്ച കഥയാണ് പറയുന്നതെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഗായത്രി കുറിച്ചത്. പാവത്താനായ ഭൂതത്താന്‍ ഒരു കാടിനെ സംരക്ഷിക്കുന്ന മനോഹരമായ കൊച്ചു കഥയാണ് ഗായത്രിയുടെ ഉണ്ണിഭൂതം. എല്ലാവരും കഥകല്‍ വായിച്ച് അഭിപ്രായം പറയണമെന്നാണ് ഗായത്രി കുറിപ്പിലൂടെ പറഞ്ഞത്.

ഗായത്രിയുടെ കുറിപ്പ്

''ഉണ്ണി ഭൂതം- കുഞ്ഞുങ്ങള്‍ക്കായി ഒരു കഥ. മുത്തശ്ശി കഥ പറഞ്ഞു ഉറക്കിയ ഒരു ബാല്യം നമുക്കൊക്കെ ഉണ്ടായിരുന്നു, മുത്തശ്ശി കഥകളുടെ അത്ഭുതകരമായ ലോകത്തില്‍ ഭാവന കൊണ്ട് സഞ്ചരിച്ച നമ്മുടെ ബാല്യം എത്ര മനോഹരമായിരുന്നു. അത്രതന്നെ മനോഹരമാണ് ഇന്നത്തെ കുഞ്ഞുങ്ങളുടെ ബാല്യവും, അതൊരുപക്ഷേ നമ്മുടെ ബാല്യം പോലെ ആയിരിക്കില്ല എന്ന് മാത്രം. എന്റെ ബാല്യത്തില്‍ ഞാന്‍ കേള്‍ക്കാന്‍ കൊതിച്ച മുത്തശ്ശി കഥയുടെ മാതൃകയില്‍ ഇതാ ഒരു ഉണ്ണി ഭൂതം.''

ലുക്കാ ചുപ്പിക്ക് ശേഷം ബാഷ് മുഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച് സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിലാണ് ഗായത്രി ഇപ്പോള്‍ അഭിനയിക്കുന്നത്. ലെന, സാഗര്‍ സൂര്യ, സുധീര്‍ പറവൂര്‍, സിദ്ധിഖ് തുടങ്ങി വലിയൊരു താരനിരതന്നെ ചിത്രത്തിലുണ്ട്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ എഴുത്തും അഭിനയവുമായി ഗായത്രിയും ദുബായിലാണ്.