മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഇന്ന് ഏറ്റവും പ്രിയപ്പെട്ട ഓൺ സ്ക്രീൻ ദമ്പതികളിൽ ഒന്നാണ് ശിവനും അഞ്ജലിയും. സാന്ത്വനം എന്ന പരമ്പരയിലെ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സജിനും ഗോപിക അനിലുമാണ്. ഇരുവരുടെയും ഓൺ സ്ക്രീൻ കെമിസ്ട്രി അപാരമെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ സജിന്റെ പങ്കാളി ഷഫ്നയാണ്.  സിനിമയിലും സീരിയലുകളിലുമായി നിറയുന്ന  ഷഫ്‌നയെ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഇപ്പോഴിതാ ഓൺ സ്ക്രീൻ ഭാര്യ ഗോപികയും യഥാർത്ഥ ഭാര്യ ഷഫ്നയും  ഒന്നിച്ചുള്ള ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രം പകർത്തിയതാവട്ടെ സജിനും.

നിങ്ങളുടെ കൈചേർത്ത് ഹൃദയത്തെ സ്പർശിക്കുന്ന ഒരാളാണ് ഒരു യഥാർത്ഥ സുഹൃത്ത് എന്ന കാപ്ഷനോടെയാണ് ഗോപിക ചിത്രം പങ്കുവച്ചിരിക്കുന്നത്. ഷഫ്നയ്ക്കൊപ്പമുള്ള റീൽ വീഡിയോയും ഗോപിക പങ്കുവച്ചിട്ടുണ്ട്. വരികളിൽ എല്ലാമുണ്ടെന്നാണ് താരം കുറിച്ചിരിക്കുന്നത്. 

പ്ലസ്ടുവെന്ന സിനിമയിലൂടെയാണ് സജിൻ വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് അധികം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സാന്ത്വനത്തിലെ ശിവനെ അറിയാത്ത മലയാളികൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും ഇപ്പോൾ. വലിയ സ്വീകാര്യതയാണ് ഈ കഥാപാത്രത്തിലൂടെ സജിന് ലഭിച്ചത്. ബാലേട്ടനിലൂടെ ബാല താരമായി എത്തിയ നടിയാണ് ഗോപി അനിൽ.