ആമിർ ഖാന്റെ പുതിയ ചിത്രം സീതാരേ സമീൻ പറിന്റെ ട്രെയിലർ സ്പാനിഷ് ചിത്രം ചാമ്പ്യൻസിന്റെ റീമേക്കാണെന്ന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. 

മുംബൈ: 2007-ൽ പുറത്തിറങ്ങിയ താരേ സമീൻ പർ എന്ന ചിത്രത്തിന്‍റെ തുടർച്ചയായ ആമിർ ഖാന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് സീതാരേ സമീൻ പർ. ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. ലാൽ സിംഗ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിർ ഖാന്‍ ചെയ്യുന്ന ചിത്രം ഒരു ഫീല്‍ഗുഡ് ചിത്രമാണ് എന്നാണ് സൂചന. 

ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. പ്രാരംഭ പ്രതികരണം ശ്രദ്ധേയമായിരുന്നെങ്കിലും, സ്പാനിഷ് ഹിറ്റ് കാമ്പിയോൺസിന്‍റെ ഇംഗ്ലീഷ് റീമേക്കായ സ്‌പോർട്‌സ് കോമഡി-ഡ്രാമയായ ചാമ്പ്യൻസുമായി ഈ ചിത്രത്തിന് ട്രെയിലറില്‍ തന്നെ ഒരോ ഫ്രെയിമിലും സാമ്യതയുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയത്. 

ജിയോ ഹോട്ട്സ്റ്റാറിൽ ലഭ്യമായ ചാമ്പ്യന്‍സിന്‍റെ സിനോപ്സ് ഇങ്ങനെയാണ് പറയുന്നത് "ബുദ്ധിപരമായി വൈകല്യമുള്ള കായികതാരങ്ങളുടെ സംഘത്തിനെ പരിശീലിപ്പിക്കാന്‍ കേസില്‍പ്പെട്ട് അപമാനിതനായ ഒരു പരിശീലകൻ എത്തുന്നു. അയാള്‍ അവരുടെ അത്ഭുതകരമായ കഴിവുകൾ കണ്ടെത്തുകയും, അത് വഴി സ്വന്തം ജീവിതം മാറ്റുകയും ചെയ്യുന്നു" സീതാരേ സമീൻ പറിന്റെ ട്രെയിലറും ഇതേ കഥാതന്തു തന്നെയാണ് പിന്തുടരുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. 

സീതാരേ സമീൻ പറിന്റെ ട്രെയിലറും ചാമ്പ്യൻസും തമ്മിലുള്ള ഒരു ഫ്രെയിം-ടു-ഫ്രെയിം താരതമ്യം റെഡ്ഡിറ്റ് പോസ്റ്റ് ചെയ്ത ഒരു വൈറൽ ത്രെഡില്‍ വ്യക്തമാണ്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 

"ഫോറസ്റ്റ് ഗമ്പ് എന്ന വിഖ്യാത ചിത്രം ലാൽ സിംഗ് ഛദ്ദ എന്ന പേരില്‍ എടുത്ത് പരാജയപ്പെട്ട ശേഷം, അദ്ദേഹം (ആമിര്‍) റീമേക്കുകളിൽ നിന്നും അഡാപ്റ്റേഷനുകളിൽ നിന്നോ വിട്ടുനിൽക്കേണ്ടതായിരുന്നു" എന്നാണ് ഇതില്‍ വന്ന ഒരു കമന്‍റ്. മറ്റൊരു കമന്റ് ഇങ്ങനെയായിരുന്നു "ഭാഗ്യവശാൽ, ചാമ്പ്യൻസ് ഫോറസ്റ്റ് ഗമ്പിന്‍റെ അത്ര ജനപ്രിയമല്ല, അതിനാൽ കുറച്ച് ആളുകൾക്ക് അതില്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ ഈ വീഡിയോ കണ്ടാല്‍ അതും പോയിക്കിട്ടും".

"സിനിമയെ ഫ്രെയിം ബൈ ഫ്രെയിം പകർത്തുന്നതിൽ പെർഫെക്ഷനിസ്റ്റ്" എന്ന് മറ്റ് ചില ഇന്റർനെറ്റ് ഉപയോക്താക്കൾ ആമിറിനെ കളിയാക്കുന്നുമുണ്ട്. മറ്റൊരാൾ പറഞ്ഞു, "ആ ട്യൂബ്‌ലൈറ്റ് വീഴുന്ന രംഗം എല്ലാ തമാശകളും പോലും ഒറിജിനലിൽ നിന്ന് കോപ്പി ചെയ്തതാണ്. ഇദ്ദേഹം അതിൽ എന്തെങ്കിലും മാറ്റം വരുത്തുമെന്ന് ഞാൻ കരുതി, പക്ഷേ യേ ഫ്രെയിം-ടു-ഫ്രെയിം റീമേക്കാണ്". 

അതേ സമയം ചിത്രം ജൂൺ 20 ന് തിയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യും. ആമിറിനൊപ്പം ജെനീലിയ ഡിസൂസയും ചിത്രത്തിൽ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ആമിർ ഖാൻ പ്രൊഡക്ഷൻസ് സീതാരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെ അവതരിപ്പിക്കും. ആര്‍എസ് പ്രസന്നയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.