പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോടികളാണ് സ്‌നേഹയും ശ്രീകുമാറും. ശരിയായ പേരിനേക്കാളേറെ മലയാളിക്ക് സുപരിചിതമായ പേര് ലോലിതന്‍, മണ്ഡോദരി എന്നാണ്. മിനിസ്‌ക്രീനില്‍ ഒന്നിച്ചെത്തിയ ഇരുവരുടേയും വിവാഹം ആഹ്ലാദത്തോടെയാണ് ആരാധകരും സഹതാരങ്ങളും സ്വീകരിച്ചത്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ 'മറിമായ'ത്തിലൂടെയാണ് ഇരുവരും മലയാളികള്‍ക്ക് പ്രിയങ്കരരാകുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇരുവര്‍ക്കും അവിടെയും വലിയ നിര ഫോളോവേഴ്സ് ഉണ്ട്. സോഷ്യല്‍മീഡിയയിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയ സ്‌നേഹയും ശ്രീകുമാറുമാണിപ്പോള്‍ ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

വളരെ നാളായി സ്‌നേഹയുടെ വീഡിയോകളിലൊന്നും ശ്രീകുമാറിനെ കാണാത്തത് എന്താണെന്നാണ് ആളുകളുടെ സംശയം. എന്നാല്‍ ചക്കപ്പഴം സീരിയലിന്റെ തിരക്കായതിനാലാണ് ഇത്രയുംനാള്‍ ഒന്നിച്ച് വരാതിരുന്നതെന്നും, ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആയതിനാലാണ് ശ്രീയെ കിട്ടിയതെന്നും പറഞ്ഞായിരുന്നു സ്‌നേഹ വീഡിയോ തുടങ്ങിയത്.

ലോക്ക്ഡൗണ്‍ ആയതുകൊണ്ടുതന്നെ എല്ലാവരും തങ്ങളെപ്പോലെതന്നെ അച്ചടക്കമുള്ള കുട്ടികളായി വീട്ടിലിരിക്കണം എന്നും സ്‌നേഹ പറയുന്നുണ്ട്. താന്‍ ഉത്തരം പറയില്ലെന്നും, എല്ലാത്തിനും ഉത്തരം ശ്രീകുമാര്‍ പറയണം, താനാണ് ചാനല്‍ മുതലാളി, എന്നെല്ലാം പറഞ്ഞാണ് സ്‌നേഹ ആരാധകരുടെ ചോദ്യങ്ങള്‍ ശ്രീകുമാറിനോട് ചോദിക്കുന്നതെങ്കിലും, എല്ലായിപ്പോഴും നടക്കുന്നതുപോലെ ശ്രീകുമാറിന്റെ ഉത്തരങ്ങള്‍ ഒറ്റവാക്കിലാകുമ്പോള്‍ സ്‌നേഹയും ഉത്തരം പറയുന്നുണ്ട്.

ചക്കപ്പഴം എന്ന പരമ്പരയെപ്പറ്റിയാണ് മിക്ക ആരാധകരുടേയും ചോദ്യം. പരമ്പര ഷൂട്ട് ഇനിയെപ്പോള്‍ തുടങ്ങും, സെറ്റിലെ ആരെയെങ്കിലും മിസ്സ് ചെയ്യുന്നുണ്ടോ എന്നെല്ലാമുള്ള ചോദ്യത്തിന്, ഏതെങ്കിലും ഒരാളെയല്ല, എല്ലാവരേയും മിസ്സ് ചെയ്യുന്നുണ്ടെന്നും, ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഷൂട്ട് പുനരാരംഭിക്കാന്‍ കാത്തിരിക്കുകയാണെന്നും, നേരിട്ട് കാണാന്‍ കഴിയുന്നില്ലെങ്കിലും എല്ലാവരേയും വീഡിയോകോള്‍ ചെയ്യാറുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. സ്‌നേഹയും ശ്രീകുമാറും എവിടെവച്ചാണ് ആദ്യം കണ്ടതെന്ന ചോദ്യത്തിന്, മറിമായത്തിന്റെ രണ്ടാമത്തെ എപ്പിസോഡ് ഷൂട്ടിനിടയിലാണ് ആദ്യമായി കണ്ടതെന്നാണ് ഇരുവരും ഒരുപോലെ ഉത്തരം നല്‍കിയത്.

ആരാധകര്‍ കൂടാതെ ചില സഹതാരങ്ങളും ഇരുവരോടും ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. ചക്കപ്പഴത്തില്‍ ശ്രീകുമാറിന്റെ സഹോദരി കഥാപാത്രമായെത്തുന്ന ശ്രുതി രജനീകാന്ത് ചോദിക്കുന്നത്, ഇരുവരുടേയും വിവാഹം പ്രണയവിവാഹം ആയിരുന്നോ എന്നാണ്. ഒരു കൊച്ചു നാണത്തോടെ ഇരുവരും അതൊരു പ്രണയവിവാഹമായിരുന്നു എന്ന് സമ്മതിക്കുന്നുണ്ട്. പത്ത് വര്‍ഷത്തോളം ഒരുമിച്ച് വര്‍ക്ക് ചെയ്തതുകാരണം തമ്മില്‍ നന്നായിത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചെന്നും, കോളേജിലൊന്നും അല്ലാത്തതിനാല്‍ മരംചുറ്റി നടക്കാനൊന്നും പറ്റിയില്ലെന്നും സ്‌നേഹ ശ്രുതിക്കുള്ള ഉത്തരമായി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

സ്‌നേഹയുടെ വീഡിയോ മുഴുവനായും കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona