മിനിസ്ക്രീന്‍ ആരാധകര്‍ക്ക് സുപരിചിതയായ നടിയാണ് താര കല്യാണ്‍. നിരവധി ചലച്ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലെ വേഷങ്ങളാണ് ആരാധകര്‍ നെഞ്ചേറ്റിയത്.  നല്ല നര്‍ത്തകി കൂടിയായ താരയും മകള്‍ സൗഭാഗ്യ വെങ്കിടേഷും ടിക് ടോക്കില്‍ താരങ്ങളാണ്. നിരന്തരം വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന ഇരുവര്‍ക്കും ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ടിക് ടോക്കിലുള്ളത്. ഇരുവരുടെയും വീഡിയോകള്‍ ഏറ്റെടുക്കുന്ന ആരാധകര്‍ താരയ്ക്കതിരെ തിരിഞ്ഞിരിക്കുകയാണിപ്പോള്‍.

ടിക് ടോക്കില്‍ നടി പങ്കുവച്ച ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. ഹലോ ഫ്രണ്ട്സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വന്ന വൃദ്ധയ്ക്ക് അമ്പത് രൂപ കൊടുക്കുന്ന വീഡിയോ ആണിത്. വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഈ വീഡിയോയുടെ യാഥാര്‍ത്ഥ്യം വ്യക്തമല്ല.

തനിക്ക് ഒത്തിരി പൈസ വേണമെന്ന് അമ്മിണിയമ്മയെന്ന് പരിചയപ്പെടുത്തിയ വൃദ്ധയായ സ്ത്രീ പറയുമ്പോള്‍ നിങ്ങളെല്ലാം കഴിയുന്നത് സഹായിക്കണമെന്നാണ് താര വീഡിയോയില്‍ പറയുന്നത്. എന്നാല്‍ അമ്പത് രൂപ നല്‍കി അത് ടിക് ടോക്കില്‍ വീഡിയോ ആയി പോസ്റ്റ് ചെയ്തത് നടിയുടെ നടപടി അല്‍പത്തരമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. പുതിയ നന്മമരമാണെന്ന പരിഹാസവും ചിലര്‍ ഉന്നയിക്കുന്നു. നടിയുടെ വീഡിയോ വാട്സ് ആപ്പ് വഴിയും പ്രചരിക്കുകയാണ്.  31000ത്തിലധികം ആളുകളാണ് ടിക് ടോക്കില്‍ വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്.