പാടാത്ത പൈങ്കിളി എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് സൂരജ്. 'ദേവ' എന്ന കഥാപാത്രമായി എത്തി ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറാൻ സൂരജിന് സാധിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് തന്‍റെ ചിന്തകൾ ഒരു മടിയും കൂടാതെ അവിടെ പ്രേക്ഷകരോട് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു വീഡിയോയും കുറിപ്പും പങ്കുവച്ചിരിക്കുകയാണ് താരം.

'അവൻ ആരാടാ ഒരു സീരിയലിൽ ജസ്റ്റ് ഒന്ന് അഭിനയിക്കുന്നു അത്ര മാത്രമേ ഉള്ളൂ എന്നു പറഞ്ഞവരോട് ഞാൻ പറയുന്നത്.. അത് മാത്രമല്ല ഇന്ന് പലരുടെയും ഹൃദയത്തിൽ എനിക്കൊരു സ്ഥാനമുണ്ട്... അതൊരു സീരിയൽ നടൻ കിട്ടുന്ന ബഹുമതി മാത്രമല്ല'- എന്നായിരുന്നു സൂരജ് കുറിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിനായി പാടാത്ത പൈങ്കിളി ടീമിനൊപ്പം എത്തിയതായിരുന്നു പ്രേക്ഷകരുടെ ദേവ. അവിടെ താരത്തിന് ലഭിച്ച വലിയ സ്വീകരണവും പ്രേക്ഷക പ്രതികരണവുമാണ് ഒരു സെൽഫി വീഡിയോയിൽ സൂരജ് പങ്കുവച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക പ്രിയം നേടിയ പരമ്പര പാടാത്ത പൈങ്കിളി വ്യത്യസ്തമായ കഥയാണ് പറയുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ സമ്മാനിച്ച സുധീഷ് ശങ്കര്‍ ആണ് പരമ്പര ഒരുക്കുന്നത്. ദിനേഷ് പള്ളത്തിന്‍റേതാണ് കഥ.