ഭാഷാഭേദമന്യെ മലയാളികള്‍ സ്വന്തമെന്ന് കരുതുന്ന ചില താരങ്ങളുണ്ട്. അവരിലൊരാളാണ് തൃഷ കൃഷ്‍ണനെന്ന തൃഷ. മലയാളത്തില്‍ അപൂര്‍വ്വം സിനിമകളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും കേരളത്തില്‍ വന്‍ ജനപ്രീതി നേടിയ നിരവധി സിനിമകള്‍ അവരുടേതായുണ്ട്, അവസാനമെത്തിയ 96 വരെ. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു ത്രോബാക്ക് ചിത്രം പങ്കുവച്ചിരിക്കുകയാണ് തൃഷ.

ജീന്‍സും ടോപ്പുമണിഞ്ഞ് കുസൃതിച്ചിരിയോടെ ക്യാമറയിലേക്ക് നോക്കുന്ന കുട്ടി തൃഷയാണ് ചിത്രത്തില്‍. 'മാലാഖയുടെ മുഖം, ചെകുത്താന്‍റെ ചിന്തകള്‍', എന്നാണ് ചിത്രത്തിന് തൃഷ നല്‍കിയിരിക്കുന്ന ക്യാപ്‍ഷന്‍. ചിത്രം രണ്ട് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതിനകം നേടിയത്. തൃഷയും നടന്‍ ചിമ്പുവും വിവാഹിതരാവാന്‍ ഒരുങ്ങുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്.

ജീത്തു ജോസഫിന്‍റെ 'റാം' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് തൃഷ. മോഹന്‍ലാലിനൊപ്പമെത്തുന്ന അവര്‍ വിനീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് റാം. ശ്യാമപ്രസാദിന്‍റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായ ഹേയ് ജൂഡ് ആണ് ഇതിനുമുന്‍പ് തൃഷ അഭിനയിച്ച മലയാളചിത്രം.