തിരുവനന്തപുരം: 'മറിമായം' എന്ന പരമ്പരയിലൂടെയാണ് മലയാളികളിലേക്ക് മണ്ഡോദരിയും ലോലിതനും ഇറങ്ങിവന്നത്.  പരമ്പരയില്‍  പലപ്പോഴും തല്ലുകൂടിയും സ്നേഹിച്ചും പല വേഷത്തിലെത്തിയ ഇരുവരും പക്ഷെ ജീവിതത്തില്‍ ഒന്നിച്ചാണിപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ തീരാത്ത താരവിവാഹത്തെ കുറിച്ച് ശ്രീകുമാറും സ്നേഹയും തന്നെ മനസു തുറക്കുകയാണ്. 'ടൈംസ് ഓഫ് ഇന്ത്യ'ക്ക് നല്‍കി അഭിമുഖത്തിലാണ് ഇരുവരും പ്രണയജീവിതത്തെ കുറിച്ചും വിവാഹ ജീവിത സങ്കല്‍പ്പങ്ങളെ കുറിച്ചും മനസു തുറന്നത്.

തനിക്കും സ്നേഹക്കും ആഡംബര വിവാഹങ്ങളോട് താല്‍പര്യമില്ലായിരുന്നില്ല. അതുകൊണ്ടുതന്നെ രജിസ്റ്റർ മാര്യേജ് നടത്താനായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ ഞങ്ങളുടെ ഇരു കുടുംബത്തിന്റെയും ആഗ്രഹത്തിന് കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറഞ്ഞു. ആരാണ് ആദ്യം പ്രൊപ്പോസ് ചെയ്തതെന്ന ചോദ്യത്തിന് അങ്ങനെ നിമിഷത്തെ കുറിച്ച് പറയാന്‍ കഴിയില്ലെന്നായിരുന്നു ശ്രീകുമാറിന്‍റെ മറുപടി.

തുറന്നുപറ‍ഞ്ഞാല്‍ 'ഐ ലവ് യു' എന്നുപോലും പരസ്പരം പറഞ്ഞിട്ടില്ല. സ്നേഹവും കെയറും ഒക്കെ സംഭവിച്ചുപോകുന്നതാണ്. പരസ്പരം ഇഷ്ടമാണെന്ന് ഞങ്ങള്‍ അറിയുകയായിരുന്നു എന്നും അതാണ് വലിയ കാര്യമെന്നും ശ്രീകുമാര്‍ പറഞ്ഞു.  അദ്ദേഹം എന്നെ നന്നായി കെയര്‍ ചെയ്യുന്നുണ്ടെന്നും നല്ല സുഹൃത്തുക്കളായതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് നന്നായി അറിയാമെന്നും സ്നേഹ പറയുന്നു.

അവളുടെ ചിരി കുസൃതി നിറഞ്ഞതും ക്യൂട്ടുമായതിനാല്‍ ഇഷ്ടമാണ്. പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം ഇഷ്ടട്ടമല്ലെന്ന് ശ്രീകുമാര്‍ പറഞ്ഞപ്പോള്‍, തന്നെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നത് വലിയ ഇഷ്ടമാണെന്ന് സ്നേഹയും മറുപടി നല്‍കി. ഉച്ചഭക്ഷണം ഒഴിവാക്കുന്നതും മൊബൈല്‍, എടിഎം, ഫ്ലൈറ്റ് ബോര്‍ഡിങ് തുടങ്ങിയ മറക്കുന്നത് തനിക്ക് തീരെ ഇഷ്ടമല്ലെന്ന് സ്നേഹ കൂട്ടിച്ചേര്‍ത്തു. ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇവര്‍. ദമ്പതികള്‍ പരസ്പരം സന്തോഷവും സങ്കടവും പങ്കിടണം. എപ്പോഴും ദമ്പതികൾ നല്ല സുഹൃത്തുക്കളാവണം.  അഭിപ്രായ വ്യത്യാസങ്ങൾ ഉള്ള സമയങ്ങളില്‍ അത് തീര്‍ക്കാന്‍ ശ്രമിക്കണെന്ന ഉപദേശവും ഇരുവരും നല്‍കുന്നു.