മുംബൈ ഇന്ത്യന്‍സിനോടേറ്റ 10 വിക്കറ്റ് പരാജയത്തില്‍ ഐപിഎല്ലില്‍ നിന്ന് പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‍സിന് പിന്തുണയുമായി തമിഴ് താരം വരലക്ഷ്‍മി ശരത്കുമാര്‍. ഈ പരാജയത്തില്‍ ഇഷ്ട ടീമിനെ തള്ളിപ്പറയുന്ന പ്രശ്നമില്ലെന്ന് വരലക്ഷ്‍മി ട്വിറ്ററില്‍ കുറിച്ചു. ഐപിഎല്ലില്‍ നിന്ന് സസ്‍പെന്‍ഡ് ചെയ്യപ്പെട്ട രണ്ടു വര്‍ഷം പോലും താനടക്കമുള്ള ആരാധകര്‍ ടീമിനൊപ്പം തന്നെയായിരുന്നുവെന്നും വരലക്ഷ്മി അഭിപ്രായപ്പെടുന്നു. ഐപിഎല്ലിലെ മറ്റു ടീമുകള്‍ എത്ര തവണവീതം പ്ലേ ഓഫ് കാണാതെ പുറത്തായിട്ടുണ്ട് എന്നതിന്‍റെ ഒരു ചാര്‍ട്ടിനൊപ്പമാണ് വരലക്ഷ്‍മിയുടെ ട്വീറ്റ്.

"ആജീവനാന്തം സിഎസ്കെ ഫാന്‍ ആയിരിക്കും. ഞങ്ങള്‍ ആരാധകര്‍ ഈ ടീമിനെ തള്ളിപ്പറയില്ല. കളിക്കാതിരുന്ന രണ്ട് വര്‍ഷം പോലും ഞങ്ങള്‍ ഈ ടീമിനൊപ്പമായിരുന്നു. ഇപ്പോഴും ഞങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. യവ് യൂ സിഎസ്കെ", എംഎസ് ധോണിയെ ടാഗ് ചെയ്തുകൊണ്ടുള്ളതാണ് വരലക്ഷ്‍മിയുടെ ട്വീറ്റ്.

ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ചെന്നൈ ആദ്യ നാലിലെത്താതെ പുറത്താകുന്നത്.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 12.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ തന്നെ ലക്ഷ്യം മറികടക്കുകയായിരുന്നു.  ഇഷാന്‍ കിഷന്‍ (37 പന്തില്‍ 68), ക്വിന്‍റണ്‍ ഡി കോക്ക് (37 പന്തില്‍ 46) എന്നിവാരണ് വിജയം എളുപ്പമാക്കിയത്. നേരത്തെ ട്രന്‍റ് ബോള്‍ട്ടിന്‍റെ നാല് വിക്കറ്റ് പ്രകടനാണ് ചെന്നൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.