പരമ്പരകളില്‍ നിന്ന് വിട്ടുനില്‍ക്കാൻ തീരുമാനമെടുത്ത് വാനമ്പാടിയിലെ വില്ലത്തി പത്മിനിയായി വേഷമിടുന്ന സുചിത്രി നായര്‍.

വാനമ്പാടി പരമ്പരയിലൂടെ പ്രേക്ഷകരുടെ സ്വന്തം വില്ലത്തിയാണ് സുചിത്രാനായര്‍. ശരിക്കുള്ള പേര് പറഞ്ഞാല്‍ ആരുമറിയില്ലെങ്കിലും, പത്മിനി എന്നു പറഞ്ഞാല്‍ മലയാളിക്ക് മറ്റാരുടേയും മുഖം ഓര്‍ക്കാന്‍ കഴിഞ്ഞെന്നുവരില്ല. അത്രമേല്‍ അടുപ്പമാണ് മലയാളികള്‍ക്ക് പപ്പിയോട്. പുരാണ സീരിയലുകളിലെ കഥാപാത്രമികവുകൊണ്ടാണ് സുചിത്രാനായര്‍ അറിയപ്പെട്ടുതുടങ്ങുന്നത്. പരമ്പരകളോട് വിടപറയുകയാണ് താനെന്നാണ് സുചിത്ര നായര്‍ പറയുന്നത്.

വാനമ്പാടി പരമ്പരയില്‍ പത്മിനി ജയിലേക്ക് പോകേണ്ടിവരുമോ എന്ന് പ്രേക്ഷകര്‍ ഉറ്റുനോക്കുമ്പോഴാണ്, വാനമ്പാടിക്കുശേഷം ഇനി സീരിയലുകളില്‍ കോണ്‍സണ്‍ട്രേറ്റ് ചെയ്യില്ലെന്നുപറഞ്ഞ് സുചിത്രാനായര്‍ പ്രേക്ഷകരെ ഞെട്ടിക്കുന്നത്. ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയിലാണ്, സുചിത്രാനായര്‍ അവതാരികയായ എലീന പടിക്കലിനോട് മനസ്സുതുറന്നത്.

പരമ്പരകളില്‍ മുഴുകിപ്പോയാല്‍ തന്റെ നൃത്തവിദ്യാലയം എന്ന സ്വപ്‌നം ഇല്ലാതാകുമോ എന്നാണ് സുചിത്രാനായരുടെ ഭയം. ജീവിതത്തിന് ഒരു അര്‍ത്ഥമില്ലാതാകുന്നു എന്നു തോന്നുന്നെന്നും, ഒരു നൃത്തവിദ്യാലയംതുടങ്ങണമെന്നുമാണ് ഇഷ്ടമെന്നും താരം പറയുന്നു.

ഭാവി പരിപാടികളില്‍ പ്രധാനപ്പെട്ടത് ഡാന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നതുതന്നെയാണെന്നും, അതിനായി താന്‍ ഒന്നുകൂടെയൊന്ന് സെറ്റ് ആകാനുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.

ടിക് ടോക്കില്‍ സുചിത്രാനായര്‍ ഡാന്‍സ് ചെയ്യുന്ന വീഡിയോകള്‍ ഇടയ്ക്കിടെ ചര്‍ച്ചയാകാറുണ്ട്. കൂടാതെ പരമ്പരയുടെ ഒരു എപ്പിസോഡില്‍ സുചിത്രാനായരും അര്‍ച്ചന എന്ന കഥാപാത്രം ചെയ്യുന്ന അനുശ്രീയും ഡാന്‍സ് ചെയ്‍തത് പ്രേക്ഷകര്‍ക്ക് മറക്കാനാകുന്നതല്ല. അതുകൊണ്ടുതന്നെ പരമ്പര വിട്ടാലും താരം നല്ലൊരു ഡാന്‍സുകാരിയായി മാറുമെന്നതിന് ആര്‍ക്കും സംശയമില്ല.