തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി സോഷ്യല്‍ മീഡിയയിലേക്ക്. ഇന്‍സ്റ്റഗ്രാമിലേക്കാണ് തന്‍റെ ഔദ്യോഗിക അക്കൌണ്ടുമായി അദ്ദേഹം എത്തുന്നത്. തെലുങ്ക് പുതുവര്‍ഷ ദിനമായ (ഉഗാദി) നാളെയാണ് ചിരഞ്ജീവിയുടെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് നിലവില്‍ വരിക. അതേസമയം തങ്ങളുടെ പ്രിയതാരത്തിന്‍റെ സോഷ്യല്‍ മീഡിയയിലേക്കുള്ള കടന്നുവരവ് ആരാധകര്‍ ട്വിറ്ററില്‍ ആഘോഷമാക്കുന്നുണ്ട്. 'മെഗാസ്റ്റാര്‍ ചിരഞ്ജീവി' എന്ന ഹാഷ്‍ടാഗ് നിലവില്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആണ്.

സോഷ്യല്‍ മീഡിയയിലേക്ക് എത്താനുള്ളതിന്‍റെ കാരണം പറഞ്ഞുള്ള അദ്ദേഹത്തിന്‍റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. "ഇന്‍സ്റ്റഗ്രാമിലേക്ക് എത്തുന്നതില്‍ വലിയ സന്തോഷമുണ്ട്. തെലുങ്ക് പുതുവര്‍ഷ ദിനമായ ഉഗാദിയോളം ഇതിനുപറ്റിയ മറ്റൊരു ദിവസമില്ല. ആന്ധ്രയിലും തെലുങ്കാനയിലും ഉള്ളവരുള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാര്‍ക്കും പ്രയോജനപ്പെടുന്ന കാര്യങ്ങളില്‍ വ്യക്തിപരമായ നിലപാട് പറയാനാവും ഞാനീ മാധ്യമം ഉപയോഗിക്കുക. എന്‍റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍ അതിലൂടെ പങ്കുവെക്കാനും ഞാന്‍ ആഗ്രഹിക്കുന്നു", പുറത്തെത്തിയ വീഡിയോയില്‍ ചിരഞ്ജീവി പറയുന്നു.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവി നായകനായെത്തിയ സൈറാ നരസിംഹ റെഡ്ഡി കഴിഞ്ഞ വര്‍ഷമാണ് തീയേറ്ററുകളിലെത്തിയത്. കൊരട്ടല ശിവയുടെ ആചാര്യയാണ് അദ്ദേഹത്തിന്‍റേതായി ഇനി പുറത്തുവരാനുള്ളത്. 2017ല്‍ തെലുങ്കിലെ ജനപ്രിയ റിയാലിറ്റി ഷോ ആയ 'മീലോ എവരു കോടീശ്വരുഡു'വിന്‍റെ (കോന്‍ ബനേഗാ ക്രോര്‍പതിയുടെ തെലുങ്ക് പതിപ്പ്) അവതാരകനായും അദ്ദേഹം എത്തിയിരുന്നു.