മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കുടുംബമാണ് മല്ലികാ സുകുമാരന്റേത്. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ തങ്ങളുടെതായ ഇടം സ്വന്തമാക്കിയിട്ടുണ്ട്. മക്കളുടെ ഈ നേട്ടങ്ങള്‍ക്ക് പിന്നിലെ കരുത്തായി എന്നും മല്ലിക സുകുമാരനുണ്ടായിരുന്നു. മക്കളെ പോലെയാണ് മല്ലികയ്ക്ക് മരുമക്കളായ പൂർണിമയും സുപ്രിയയും. ഇവരുടെ സ്നേഹപ്രകടനങ്ങളും പോസ്റ്റുകളുമെല്ലാം അവയ്ക്ക് തെളിവാണ്. ഇപ്പോഴിതാ ഒരു പോസ്റ്റിന് താഴെ വന്ന കമന്റിന് സുപ്രിയ നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. 

പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ‘കുരുതി’യുടെ പൂജാ ചിത്രങ്ങൾ സുപ്രിയ ഇന്ന് പോസ്റ്റഅ ചെയ്തിരുന്നു. ഇതിന് താഴെയാണ് രസകരമായൊരു കമന്റ് വന്നത്. ‘അമ്മായിയമ്മയുടെ സാരികൾ അടിച്ചുമാറ്റാൻ പറ്റുന്നതാണ്’ എന്ന കമന്റിന് ‘എല്ലായ്പ്പോഴും, അമ്മയ്ക്ക് അതറിയാം’ എന്നാണ് സുപ്രിയയുടെ മറുപടി. ‘കുരുതി’യുടെ ചിത്രീകരണത്തിന് തിരിതെളിച്ചത് മല്ലിക സുകുമാരൻ ആയിരുന്നു. 

ഏറെ നാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 ഏപ്രിലിലായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ജേർണലിസം എന്ന കരിയർ ഉപേക്ഷിച്ചെങ്കിലും സിനിമാ നിർമാണവുമായി മുന്നോട്ട് പോകുകയാണ് സുപ്രിയ. ‘9’, ‘ഡ്രൈവിങ് ലൈസൻസ്’ തുടങ്ങിയ  ചിത്രങ്ങൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയയാണ് നിർമിച്ചത്.

1974ൽ ജി. അരവിന്ദന്റെ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക ബി​ഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സ്വപ്നാടനം എന്ന ചിത്രത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മല്ലിക സ്വന്തമാക്കിയിരുന്നു.