ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപി മലയാള സിനിമയില്‍ സജീവമാവുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ അരങ്ങേറ്റചിത്രം 'വരനെ ആവശ്യമുണ്ട്' പൂര്‍ത്തിയാക്കിയതിന് ശേഷം നിധിന്‍ രണ്‍ജി പണിക്കരുടെ 'കാവലി'ല്‍ ജോയിന്‍ ചെയ്തിരിക്കുകയാണ് ഇപ്പോള്‍ സുരേഷ് ഗോപി. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിലെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് 'കാവലി'ന്റെ ചിത്രീകരണം ആരംഭിച്ച വിവരം സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്. വലിയ പ്രതികരണം ലഭിച്ച ആ പോസ്റ്റില്‍ സുരേഷ് ഗോപിക്ക് നേരെ ഒരു പരിഹാസച്ചോദ്യവും ഉയര്‍ന്നിരുന്നു. ആ ചോദ്യവും സുരേഷ് ഗോപി നല്‍കിയ മറുപടിയും ഫേസ്ബുക്കില്‍ വൈറലായിട്ടുണ്ട്.

'എടപ്പാള്‍ ഓട്ടത്തെക്കുറിച്ചുള്ള കഥയാണോ സേട്ടാ' എന്നായിരുന്നു 'കാവലി'നെക്കുറിച്ച് ഒരാളുടെ ചോദ്യം. ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ത്തുകൊണ്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ എടപ്പാളിലുണ്ടായ സംഭവവികാസങ്ങളെ സൂചിപ്പിക്കാന്‍ സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം സൃഷ്ടിച്ച ട്രോള്‍ പ്രയോഗമായിരുന്നു 'എടപ്പാള്‍ ഓട്ടം' എന്നത്. എന്നാല്‍ ഉടന്‍ വന്നു സുരേഷ് ഗോപിയുടെ മറുപടി. 'അല്ല, വേണ്ടാത്തിടത്ത് ആളുകളെ നുഴഞ്ഞുകയറ്റുന്നതിനെതിരേ 'കാവല്‍' നില്‍ക്കുന്ന കഥയാ സേട്ടാ' എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. തന്റെ രാഷ്ട്രീയത്തെ പരിഹസിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ പൗരത്വ നിയമ ഭേദഗതിയെക്കുറിച്ചുള്ള ബിജെപി വിശദീകരണത്തെയാണ് സുരേഷ് ഗോപി സാന്ദര്‍ഭികമായി കൂട്ടുപിടിച്ചത്. 

 

അതേസമയം മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'കസബ'യ്ക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രമാണ് കാവല്‍. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മാണം. ലേലത്തിന്റെ രണ്ടാംഭാഗം നിധിന്‍ സംവിധാനം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ലേലവുമായി ബന്ധമൊന്നും പുലര്‍ത്താത്ത ചിത്രമായിരിക്കും കാവല്‍. രണ്ട് തലമുറകളുടെ കഥ പറയുന്ന ആക്ഷന്‍ ഫാമിലി ചിത്രമെന്നാണ് നിധിന്‍ ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.