വൃദ്ധയ്ക്ക് അമ്പത് രൂപ മരുന്നുവാങ്ങാന്‍ നല്‍കി അത് ടിക് ടോക്കില്‍ വീഡിയോ ഇട്ടതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താര കല്യാണ്‍. "എന്‍റെ ഈശ്വരാ ഞാൻ ഒരാൾക്ക് ഒരു അൻപത് രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ എന്നായിരുന്നു മറ്റൊരു ടിക് ടോക് വീഡിയോയില്‍ താര കല്യാണ്‍ ആദ്യം തന്നെ ചോദിച്ചത്.

ഞാൻ വീഡിയോ ഇട്ടത് എന്റെ ഒരു സന്തോഷത്തിനാണ് അൻപത് രൂപ ചെറിയ തുകയാണ് എന്ന് ചിന്തിക്കുന്നവരോട് പറയാനുള്ളത് മറ്റാന്നുമല്ല,  ഞാൻ ആ അൻപത് രൂപ ഉണ്ടാക്കാൻ ഒത്തിരി കഷ്ടപെട്ടിട്ടുണ്ട്, എനിക്കത് വലിയ കാര്യമാണ്. പൊങ്ങച്ചമോ ഭംഗിവാക്കോ അല്ല, കഷ്ടപ്പെട്ട് കാശുണ്ടാക്കുന്നവന് അതിന്റെ വില അറിയാന്‍ കഴിയും. മറ്റൊരാളുട കണ്ണീരൊപ്പുന്നതിന് വിലയിടാന്‍ സാധിക്കുമോ എന്നും താര ചോദിക്കുന്നു.

ഇത് ചീപ്പാണ് എന്ന് എങ്ങനെയാണ് പറയുന്നത്. ഞാന്‍ ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു നന്മ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും ഞാന്‍ കരുതുന്നത്. ടിക് ടോക്കിലിട്ടതും എന്‍റെ സന്തോഷമാണ്. തന്‍റെ ആത്മാവിഷ്കാരമാണ് ടിക് ടോക്. ഞാന്‍ ഇനിയും വീഡിയോ ഇടും. ഇഷ്ടമില്ലാത്തവര്‍ കാണരുത്. എന്നെ വെറുതെ വിട്ടേക്കൂ... ഞാൻ ആരെയും വിമര്‍ശിക്കുന്നില്ല, എന്തിന് ട്രോളാൻ വരുന്നു. എന്റെ സന്തോഷമാണത്. എന്‍റെ ഇഷ്ടമുള്ളത് ചെയ്‌തോട്ടേയെന്നും നടി വീഡിയോയില്‍ പറയുന്നു.

നിരവധി പരമ്പരകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് താര കല്യാണ്‍. മകള്‍ സൗഭാഗ്യയും ടിക് ടോക്കിലും മറ്റുമായി മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. ടിക് ടോക് മലയാളികളില്‍ തരംഗമായതു മുതല്‍ മുതല്‍ താര കല്യാണും മകളും ടിക് ടോക് വീഡിയോസ് ചെയ്തു തുടങ്ങിയിരുന്നു. ഇരുവര്‍ക്കും ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്സുമുണ്ട്.  നടിയെന്നതിലുപരി നര്‍ത്തകിയെന്ന നിലയിലും മലയാളികള്‍ക്കിടയില്‍ തന്നെയുള്ള താരമാണ് താര.