തട്ടീം മുട്ടീം എന്ന ജനപ്രിയ പരമ്പരയിലെ കഥാപാത്രങ്ങളെയെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ പരമ്പരയായിരുന്നു അത്. കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായര്‍ തുടങ്ങിയവര്‍ക്കൊപ്പം പരമ്പരയില്‍ ആദി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സാഗര്‍ സൂര്യയും ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാണ്.

ഇക്കഴിഞ്ഞ ഏപ്രിലിലാണ് സാഗറിന്റെ അമ്മ മരിച്ച വാര്‍ത്ത ഞെട്ടലോടെ എല്ലാവരും അറിഞ്ഞത്. അമ്മയുടെ മരണശേഷം സാഗര്‍ പങ്കുവച്ച കുറിപ്പ് എല്ലാവരുടേയും കരളലിയിക്കുന്നതായിരുന്നു. അമ്മ ഇല്ലായെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, എല്ലാവര്‍ക്കും നന്മമാത്രം ചെയ്ത അമ്മയെ ദൈവത്തിന് ഏറെ പ്രിയപ്പെട്ടതിനാലാകും അമ്മയെ ദൈവം വേഗം വിളിച്ചതെന്നായിരുന്നു സാഗര്‍ കുറിച്ചത്.

ഇപ്പോളിതാ അമ്മയുമൊത്തുള്ള കുട്ടിക്കാല ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഗര്‍ സൂര്യ. ഞാനും അമ്മയും എന്ന് കുറിച്ചാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രത്തിന് നിരവധി ആളുകളാണ് കമന്റുമായെത്തിയത്. അമ്മയെപ്പോലെ തന്നെയാണ് സാഗറെന്ന് ചിലര്‍ പറയുന്നുണ്ട്. ആശ്വാസവാക്കുകളായും ചിലരെത്തുന്നുണ്ട്.