മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരകളിലൊന്നാണ് തട്ടീം മുട്ടീം. പരമ്പര പോലെ തന്നെ അതിലെ കഥാപാത്രങ്ങളും അവരെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. അര്‍ജുനന്‍ -മോഹനവല്ലി ദമ്പതികളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് തട്ടീം മുട്ടീം പരമ്പര മുന്നോട്ടുപോകുന്നത്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുള്ള പരമ്പരയയില്‍ കെപിഎസി ലളിത, മഞ്ജു പിള്ള, വീണ നായര്‍, സിദ്ധാര്‍ത്ഥ് പ്രഭു, മീനാക്ഷി ജയകുമാര്‍, സാഗര്‍ സൂര്യ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ സാഗറും സിദ്ധാര്‍ത്ഥും കഴിഞ്ഞദിവസം പങ്കുവച്ച ലൊക്കേഷന്‍ സ്റ്റില്‍സ് ആരാധകര്‍ക്ക് കൗതുകം പകരുന്നവയായിരുന്നു.

'ഞാനും മമ്മിയും കണ്ണന്‍ മോനും....വെറുതെ ലൊക്കേഷനില്‍ ഇരുന്നപ്പോ കുറച്ചു ഫോട്ടോസ് എടുത്തു. അതില്‍ ഒരെണ്ണം ഇവിടെ കിടക്കട്ടെ.' എന്നുപറഞ്ഞാണ് സാഗര്‍ ലൊക്കേഷന്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അമ്മയെ നഷ്ടമായ സാഗറിന്‍റെ ചിത്രവും ക്യാപ്ഷനും വളരെ പെട്ടന്നുതന്നെ ആരാധകര്‍ വൈകാരികമായി ഏറ്റെടുക്കുകയായിരുന്നു. മഞ്ജു പിള്ളയോടൊപ്പം അണിയറപ്രവര്‍ത്തകരുമൊന്നിച്ചുള്ള ചിത്രമാണ് സിദ്ധാര്‍ത്ഥും പങ്കുവച്ചിരിക്കുന്നത്.

തട്ടീം മുട്ടീം പരമ്പരയിലെ എല്ലാവരുംതന്നെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പരമ്പരയിലെ തന്മയത്വമുള്ള അഭിനയംകാരണം എല്ലാവര്‍ക്കുംതന്നെ ഒരുപാട് ആരാധകരുമുണ്ട്. യഥാര്‍ഥ സഹോദരരായ മീനാക്ഷിയും സിദ്ധാര്‍ത്ഥും ചെറുപ്പത്തിലേ ക്യാമറയ്ക്ക് മുന്നിലെത്തിയവരാണ്. ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്.