നന്നെ ചെറുപ്പത്തില്‍ ബാലതാരമായി സിനിമയിലെത്തി, ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും സജീവമായ താരമാണ് നമിതാ പ്രമോദ്. താരത്തിന്റെ രണ്ടാംവരവ് തീര്‍ത്തും വിജയമായിരുന്നുവെന്നാണ് പറയേണ്ടത്. താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് വിജയമായിരുന്നു. സോഷ്യല്‍മീഡിയായില്‍ സജീവമായ നമിത തന്റെ ഇന്‍സ്റ്റാഗ്രാം സത്യങ്ങളാണ് രസകരമായി പങ്കുവച്ചിരിക്കുന്നത്. തനിക്ക് മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് താരം കൗതുകം ഉണര്‍ത്തുന്ന തരത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പുതിയ സിനിമയായ അല്‍ മല്ലുവിന്റേയും, മറ്റും വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

''അല്‍ മല്ലു സിനിമയില്‍ നയന എന്ന സ്‌ട്രോങായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ്. സമൂഹത്തിലേക്ക് നല്ല സന്ദേശങ്ങള്‍ നല്‍കുന്ന സിനിമകളാണ് ചെയ്യാന്‍ താല്‍പ്പര്യമുള്ളത്. സമൂഹത്തില്‍ ഒരു പെണ്‍കുട്ടി ശക്തയാകേണ്ടത് ഇന്ന് തീര്‍ത്തും അനിവാര്യമാണ്. അതൊക്കെയാണ് അല്‍ മല്ലു ചര്‍ച്ച ചെയ്യപ്പെടാന്‍ കാരണവും. എന്നാല്‍ കൊമേഴ്‌സ്യല്‍ സിനിമകളില്‍ ഞാനിനി അഭിനയിക്കില്ല എന്നൊന്നുമല്ല, പക്ഷെ നമ്മള്‍ സമൂഹത്തിന് എന്തെങ്കിലും സന്ദേശമുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ ഒരു സന്തോഷമാണ് അതുപോലെയുള്ള സിനിമയാണ് അല്‍ മല്ലു.''

'' ഇന്‍സ്റ്റാഗ്രാമില്‍ വളരെ വൈകി അക്കൗണ്ട് തുടങ്ങിയ ആളാണ് താന്‍. അതുകൊണ്ടുതന്നെ ഫോളോവേഴ്‌സും നന്നെ കുറവാണ്. ഇന്‍സ്റ്റാഗ്രാമിലേക്കും ഫേസ്ബുക്കിലേക്കുമായി പ്രൊഫഷണല്‍ ക്യാമറാമാന്മാരെ വച്ച് ഫോട്ടോ എടുക്കുന്നത് വലിയ ക്ഷമ വേണ്ടുന്ന ഒന്നാണ്. എന്നിക്കത് പറ്റില്ല. അതുകൊണ്ടുതന്നെ അച്ഛന്‍ മൊബൈലില്‍ എടുക്കുന്ന ഫോട്ടോകളാണ് ഞാന്‍ ഇന്‍സ്റ്റായിലൊക്കെ ഇടാറുള്ളത്. അതൊക്കെയാകണം ഫോളോവേഴ്‌സിന്റെ എണ്ണം കുറയാന്‍ കാരണം. കുറെ ഫോളോവേഴ്‌സ് ഉള്ളവരെ കാണുമ്പോള്‍ നല്ല അസൂയ വരാറുമുണ്ട്. എനിക്കിപ്പോള്‍ മൂന്ന് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ഒന്ന് പേഴ്‌സണലായിട്ട് ഉപയോഗിക്കാന്‍, രണ്ടാമത്തേത് ആരാധകരുമായി സംസാരിക്കാനും മറ്റുമായിട്ട്, മൂന്നാമത്തേത് ഒളിഞ്ഞുനോക്കാനായിട്ടുള്ളത്. ചില നടിമാരൊന്നും എന്നെ ഫോളോ ചെയ്യാത്തതുകൊണ്ട് ഞാനും അവരെ ഫോളോ ചെയ്യാറില്ല. എന്നാലും അവരുടെ അക്കൗണ്ടില്‍ എന്താണ് നടക്കുന്നതെന്ന് അറിയണമല്ലോ, അതിനാണ് മൂന്നാമത്തെ അക്കൗണ്ട്.''