ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിലൊന്നാണ്  തട്ടീം മുട്ടീം. അര്‍ജുനേട്ടനും അമ്മയും കോമളവല്ലിയുമടക്കമുള്ള എല്ലാ കഥാപാത്രങ്ങളെയും സ്വന്തം  വീട്ടുകാരെയെന്നപോലെ അറിയുന്നവരാണ് മലയാളികള്‍.  വര്‍ഷങ്ങളായി മലയാളികളുടെ സ്വന്തം ചിരിക്കുടുക്കകളായ കഥാപാത്രങ്ങളാണിവര്‍. ഇപ്പോഴിതാ തട്ടീം മുട്ടീം കുടുംബത്തില്‍ ഒരു വ്യക്തിപരമായ വിശേഷമുണ്ടെന്ന സൂചനയാണ് ഒരു സ്ക്രീന്‍ ഷോട്ട് നല്‍കുന്നത്.

മീനാക്ഷിയായി എത്തുന്ന ഭാഗ്യലക്ഷ്മി പ്രഭുവും മഞ്ജു പിള്ളയും ഒരുമിച്ചുള്ള ഒരു ചിത്രവും അതിന് താഴെയുള്ള കമന്‍റുമാണ് ചര്‍ച്ചയാകുന്നത്. മഞ്ജു പിള്ളയുടെ പേരിലുള്ള ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവന്ന ചിത്രത്തില്‍ മിസ് യു ചക്കരേ.. എല്ലാ ആശംസകളും ഒരുപാട് ഇഷ്ടം എന്നായിരുന്നു മഞ്ജു കുറിച്ചത്. ചിത്രത്തിന് താഴെ ആളുകള്‍ ചോദിച്ച സംശയത്തിന് മീനാക്ഷി വിദേശത്തേക്ക് പോവുകയാണെന്ന മറുപടിയും മഞ്ജു നല്‍കിയത്.

പരമ്പരയില്‍ മീനാക്ഷിയായി ഇനി ഭാഗ്യലക്ഷ്മിയുണ്ടാകില്ലെന്ന സൂചനയാണ് മഞ്ജു നല്‍കിയിരിക്കുന്നത്. പിന്നാലെ മീനാക്ഷിയെ മിസ് ചെയ്യും എന്ന് പറഞ്ഞ് നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന് പിന്നില്‍ എന്താണെന്ന് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും വന്നിട്ടില്ല.