വതാരകനായും അഭിനേതാവായും വര്‍ഷങ്ങളായി മലയാളികള്‍ക്കിടയിലുള്ള താരമാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന പരമ്പരയിൽ ബാലചന്ദ്രനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരത്തെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനാവില്ല. അവതരണത്തിലെ തനതായ ശൈലിയും അഭിനയത്തിലെ വ്യത്യസ്തതയുമാണ് കിഷോറിനെ പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

സോഷ്യൽ മീഡിയയിൽ സജീവമായ കിഷോറിന്റെ പോസ്റ്റുകളെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്. എഴുത്തുകളുടെ വായനാ കണക്കിലും പ്രേക്ഷക പ്രതികരണ തോതിലും വലിയ പിന്തുണയാണ് കിഷോറിന് ലഭിക്കാറുള്ളത്. തന്റെ ക്രിക്കറ്റ് മോഹവും, കുട്ടിക്കാലവും ഇന്ത്യൻ ടെലിവിഷൻ ക്രിക്കറ്റ്‌ ലീഗിൽ  രണ്ടാം സ്ഥാനക്കാരായതും വരെയുള്ള ക്രിക്കറ്റ് ജീവിതാനുഭവങ്ങളാണ് കിഷോർ പങ്കുവച്ചിരിക്കുന്നത്. പഴയ പരിശീലന വീഡിയോയും ക്രിക്കറ്റ് ലീഗ് സമയത്തെ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിങ്ങനെ....

ക്രിക്കറ്റ്‌ എന്നും ഒരു ഹരമായിരുന്നു. സ്കൂൾ  -കോളേജ്  സമയങ്ങളിൽ  ക്രിക്കറ്റ്‌ കളിക്കുന്നത് വീട്ടിൽ ഇഷ്ടമല്ലായിരുന്നു. അതിന്റെ അപകടസാധ്യതയായിരുന്നു കാരണം. എന്റെ അച്ഛൻ നല്ലൊരു വോളി ബാൾ  പ്ലെയർ ആയിരുന്നു. എന്നിട്ടും ഞാൻ ക്രിക്കറ്റ്‌   കളിച്ചു. പഠിപ്പിക്കാൻ ഒരു കോച്ചോ അധ്യാപകനോ ഇല്ലാതെ ടിവി യിൽ കണ്ടാണ് കളി പഠിച്ചത്. 

പിന്നെ മദ്രാസിൽ നിന്നും നാട്ടിൽ വന്ന  ഒരു സമപ്രായക്കാരൻ അയൽവാസിയിൽ  നിന്നും Sir Don Bradman ടെ Art of Cricket എന്ന പുസ്തകം വാങ്ങി സ്വയം  കുറച്ച് പഠിച്ചു.  പിന്നെ ക്രിക്കറ്റ്‌ ഒക്കെ ജീവ സന്ദ്ധാരണത്തിന്റെ ഓട്ടത്തിനിടയിൽ റൺ  ഔട്ട്‌ ആയി. കാലം കടന്നുപോയി.... ഞാൻ ഒരു നടൻ  ആയി. CCL പോലുള്ള സെലിബ്രിറ്റി ക്രിക്കറ്റ്‌ മത്സരങ്ങൾ  വന്നു.  എന്നിലെ പഴയ ക്രിക്കറ്റ്‌ കളിക്കാരന്  അത് ഊർജമേകി. അങ്ങനെ ടെലിവിഷൻ  താരങ്ങളുടെ  ഒരു ക്രിക്കറ്റ്‌ ടീം  ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചു ATMA പ്രസിഡന്റ് ശ്രീ കെബി ഗണേഷ്  കുമാർ MLA യും ജനറൽ സെക്രട്ടറി സ്റ്റി. ദിനേശ് പണിക്കരും എന്റെ ആഗ്രഹത്തിന് പച്ചക്കോടി കാട്ടി.

BCCI മാച്ച് റെഫറിയും മുൻ കേരള  കോച്ചും, കളിക്കാരനുമായിരുന്ന  ശ്രീ. പ. രംഗനാഥ്‌  പരിശീലകനായി  കൂടെനിന്നു. അദ്ദേഹത്തിന്റെ ക്ലബ്‌ ആയ  തിരുവനന്തപുരത്തെ ക്രിക്കറ്റ്‌ അക്കാഡമിയും അതിന്റെ ക്യാപ്റ്റൻ ശ്രീ. ജോയ് നായരും പൂർണ്ണ പിന്തുണയേകി. ആത്മ  മലയാളി  ഹീറോസ് എന്ന ടെലിവിഷൻ  താരങ്ങളുടെ  ക്രിക്കറ്റ്‌ ടീം  രൂപം  കൊണ്ടു. ഹൈദരാബാദിൽ നടന്ന  സൗത്ത് ഇന്ത്യൻ ടെലിവിഷൻ ക്രിക്കറ്റ്‌ ലീഗിൽ  ഞങ്ങൾ രണ്ടാം സ്ഥാനക്കാരുമായി.

എന്നാൽ കോവിഡ് പ്രതിസന്ധി മൂലം  ബാറ്റും ബോളും തൊട്ടിട്ടു ഒരു വർഷം  കഴിഞ്ഞു.... ഇനി എന്താവും.... ഗാലറി യിൽ കിടന്ന  ഈ പഴയ  വീഡിയോ ആണ് ഇത്രയും എഴുതിച്ചത്.... ക്രിക്കറ്റ്‌ നെറ്റ്സിലെ പഴയ  ഒരു പ്രാക്ടീസ് സെഷൻ......