Asianet News MalayalamAsianet News Malayalam

യൂട്യൂബ് വീഡിയോ വഴി അധിക്ഷേപം; എം ജി ശ്രീകുമാറിന്‍റെ പരാതിയില്‍ മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി ജി പി ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു.

three youtubers booked for defamation on singer mg sreekumar complaint
Author
Thrissur, First Published Oct 11, 2020, 7:49 PM IST

തൃശൂര്‍: യൂട്യൂബ് ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന ഗായകന്‍ എം ജി ശ്രീകുമാറിന്‍റെ പരാതിയെത്തുടര്‍ന്ന് മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു. ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

 ഒരു സ്വകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാലിറ്റിഷോയുടെ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് അപവാദപ്രചരണമുണ്ടായതെന്നാണ് എം ജി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ത്ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്ന ആരോപണമാണ് തൃശ്ശൂര്‍ പാറളം പഞ്ചായത്തിലെ ചില വിദ്യാര്‍ഥികളായ യൂട്യൂബര്‍മാര്‍ യൂട്യൂബ് വീഡിയോ ഇറക്കിയത്.

തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് എം.ജി. ശ്രീകുമാര്‍ ഡി ജി പി ക്ക്‌ നല്‍കിയ പരാതിയില്‍ പറയുന്നു. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. എംജി ശ്രീകുമാറിന്‍റെ പരാതി ഡിജിപി ചേര്‍പ്പ് പൊലീസിന് കൈമാറുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ത്ഥികള്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ചേര്‍പ്പ്  എസ്ഐയുടെ കീഴിലാണ് അന്വേഷണം.

Follow Us:
Download App:
  • android
  • ios