നായികയായി സിനിമയില്‍ തിളങ്ങിയില്ലെങ്കിലും നൃത്തത്തിലൂടെയും ടിക് ടോക്കുകളിലൂടെയും ആരാധകരെ കയ്യിലെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേതാക്കളായ രാജാറാമിന്റെയും താരാ കല്യാണിന്റെയും മകളാണ് സമൂഹമാധ്യമങ്ങളിലെ നിറസാന്നിധ്യമായ സൗഭാഗ്യ. ടിക് ടോക് ഇന്ത്യയില്‍ തുടങ്ങിയ സമയംമുതലേ അതില്‍ നിറഞ്ഞുനില്‍ക്കുന്ന താരവുമാണ്. ഇന്ത്യയില്‍ ടിക് ടോക്കും മറ്റ് ചൈനീസ് ആപ്പുകളും നിരോധിച്ചപ്പോള്‍ തന്റെ ടിക് ടോക്ക് ആരാധകരോട് ഇന്‍സ്റ്റാഗ്രാമിലൂടെ വിട പറയുകയാണ് സൗഭാഗ്യ.

ടിക് ടോക്കിനും ഒന്നര മില്ല്യണ്‍ ഫോളോവേഴ്‌സിനും വിട, എന്നുപറഞ്ഞുള്ള താരത്തിന്റെ കുറിപ്പ് ടിക് ടോക് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുന്ന സ്‌ക്രീന്‍ഷോട്ടിനൊപ്പമാണ് താരം പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഡാറ്റാ പ്രൊട്ടക്ഷന്‍ ഭീഷണിയെത്തുടര്‍ന്ന് ടിക് ടോക് ഹലോ മുതലായ ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഒരുപാട് ആളുകളാണ് നിരോധനത്തെ സപ്പോര്‍ട്ട് ചെയ്തും, രാജ്യമാണ് വലുതെന്ന് ഊട്ടിയുറപ്പിക്കുന്ന തരത്തിലും പ്രതികരിക്കുന്നത്.

'ടിക് ടോക്കിനും ഒന്നര മില്ല്യണ്‍ ഫോളോവേഴ്‌സിനും വിട. ഈ നിരോധനത്തില്‍ ഞാന്‍ തകര്‍ന്നുപോയോ എന്ന് ആളുകള്‍ ചോദിക്കുന്നുണ്ട്. ഇത് വെറുമൊരു ആപ്പാണ്, അല്ലാതെ സൗഭാഗ്യയല്ല. ഇത് വെറുമൊരു ആപ്പ് മാത്രമാണ്.. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏതൊരു മാധ്യമവും ഒരു പ്ലാറ്റ്‌ഫോം മാത്രമാണ്.'  എന്നാണ് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് സങ്കടം അറിയിച്ചും, താരത്തിന്റെ കുറിപ്പിന് പിന്തുച്ചും കമന്റുമായി എത്തിയിരിക്കുന്നത്.