ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് മൗനരാഗം. കല്ല്യാണിയെന്ന ഊമ പെണ്‍കുട്ടിയുടെ ജീവിത പ്രതിസന്ധികളിലൂടെ മുന്നേറുന്ന മൗനരാഗം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ്. പാചകകാരിയായ കല്ല്യാണിയുടെ ഇഷ്ടവും പ്രണയുവുമെല്ലാം പറഞ്ഞുപോകുന്ന പരമ്പര റേറ്റിംഗിലും മുന്നിലാണ്. എന്നാല്‍ ആരാധകരെ ഞെട്ടിക്കുന്ന വിശേഷം അതൊന്നുമല്ല. പ്രേക്ഷകരുടെ പ്രിയങ്കരായ മോഹനും അനുമോളും തംബുരുവും വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുകയാണ്.

മൗനരാഗത്തിലാണ് മൂവരും വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുന്നത്. കഥാപാത്രമായ കല്ല്യാണിയുടെ പിറന്നാളിന് കിരണ്‍ നല്‍കുന്ന സര്‍പ്രൈസായാണ് മോഹനും അനുമോളും പരമ്പരയിലെത്തുന്നത്. 'നീയെന്‍ സര്‍ഗ സൗന്ദര്യമേ' എന്ന ഗാനം ആലപിക്കുന്ന മോഹനേയും അനുമോളെയുമാണ് മൗനരാഗത്തിന്റെ പ്രൊമോയില്‍ കാണുന്നത്. പ്രൊമോ നിമിഷങ്ങള്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറി.

മോഹന്റേയും അനുമോളുടേയും പാട്ടില്‍ ലയിച്ചിരിക്കുന്ന നേരത്താണ് പടക്കം പൊട്ടിച്ചുകൊണ്ട് എല്ലാവരേയും ഞെട്ടിച്ച് തംബുരുവും കടന്നുവരുന്നത്. അനുമോളും മോഹനും ഗസ്റ്റ് റോളുകളിലാണ് എത്തുന്നതെങ്കിലും തംബുരു കുറച്ച് എപ്പിസോഡുകളില്‍ പരമ്പരയില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

കഴിഞ്ഞദിവസം മോഹനായെത്തിയ സായി കിരണ്‍ കേരളത്തിലെത്തിയപ്പോള്‍ പുതിയ പരമ്പരയാണോ എന്നാണ് ആരാധകര്‍ ചോദിച്ചത്. എന്നാല്‍, ആ യാത്ര സര്‍പ്രൈസുകളുടെ യാത്രയായിരുന്നുവെന്ന് ഇപ്പോഴാണ് ആരാധകര്‍ മനസ്സിലാക്കുന്നത്. ഏതായാലും മനോഹരമായ എപ്പിസോഡിനായി കാത്തിരിക്കുകയാണ് മൗനരാഗത്തിന്റേയും വാനമ്പാടിയുടേയും പ്രേക്ഷകര്‍ ഒന്നടങ്കം.

പ്രൊമോ കാണാം.