ശരീരസൗന്ദര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് ടൊവീനോ തോമസ്. ലോക്ക് ഡൗണ്‍ സമയത്ത് ജിംനേഷ്യത്തില്‍ നിന്നുള്ള ഒട്ടേറെ വ്യായാമ ചിത്രങ്ങള്‍ ടൊവീനോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇതുവരെ കാണാത്ത മട്ടിലുള്ള തന്‍റെ മറ്റൊരു മേക്കോവര്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ടൊവീനോ. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവീനോ ഒരു ബോക്സറുടെ ഗെറ്റപ്പിലാണ്.

ടോപ്‍ലെസ് ആയി നിന്ന് പഞ്ചിംഗ് പ്രാക്ടീസ് നടത്തുകയാണ് ചിത്രത്തില്‍ ടൊവീനോ. സിക്സ് പാക്ക് ലുക്കിലാണ് താരം. ഇരുളും വെളിച്ചവും ചുവപ്പുനിറയും ഇടകലര്‍ന്ന മനോഹരമായ ചിത്രം പകര്‍ത്തിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍ ആണ്. ജിഷാദ് ഷംസുദ്ദീന്‍ ആണ് സ്റ്റൈലിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. തന്‍റെ ട്രെയ്‍നര്‍ അലി അസ്‍കറിനും ടൊവീനോ നന്ദി പറഞ്ഞിട്ടുണ്ട്. 

അതേസമയം ടൊവീനോയുടെ ഓണം റിലീസ് ആയെത്തിയ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് മികച്ച പ്രതികരണം നേടിയിരുന്നു. തീയേറ്റര്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്‍റെ പ്രീമിയര്‍. ടൊവീനോയുടെ വരാനിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ കഴിഞ്ഞ ദിവസം പുറത്തെത്തിയ ടീസറിനും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് എത്തുന്നത്.