പരിഹാസവുമായി വരുന്നവരോട് ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന ടൊവീനോയെയും ഈ പോസ്റ്റുകളുടെ താഴെ കാണാം. എടുത്തുചാടാന്‍ പോകുന്ന കടലിന്റെ ആഴവും അപകടവും തനിക്ക് നന്നായി അറിയാമെന്നും പക്ഷേ ഭയമില്ലെന്നും ആദ്യ സിനിമയില്‍ അഭിനയിക്കുംമുന്‍പ് ടൊവീനോ കുറിച്ചിട്ടുണ്ട്.

മലയാളത്തിന്റെ യുവനിരയില്‍ ശ്രദ്ധേയസാന്നിധ്യമാണ് ടൊവീനോ ഇപ്പോള്‍. ഗോഡ്ഫാദര്‍മാരൊന്നുമില്ലാതെ സിനിമയിലെത്തിയ അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ ഗ്രാഫ് സ്വപ്രയത്‌നത്താല്‍ തന്നെയാണ്. എട്ട് വര്‍ഷം മുന്‍പ് തന്റെ സിനിമാപ്രവേശത്തിന്റെ സമയത്ത് ടൊവീനോ ഫേസ്ബുക്കിലെഴുതിയ ചില കുറിപ്പുകള്‍ വൈറലാവുകയാണ്. ഒരു തുടക്കക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെ ആത്മവിശ്വാസത്തോടെയുള്ള വാക്കുകള്‍ ആരാധകരില്‍ ചിലര്‍ കണ്ടെടുത്ത് റീപോസ്റ്റ് ചെയ്തത് സിനിമാഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

'ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവന്‍ എന്ന് മുദ്ര കുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുകതന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ഠ്യമല്ല. വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്', ഇങ്ങനെയാണ് ടൊവീനോയുടെ ഒരു പോസ്റ്റ്. 2011 ജൂണ്‍ 28ന് എഴുതിയ കുറിപ്പാണ് ഇത്.

എന്‍ജിനീയറിംഗ് പഠനത്തോടും ചെന്നൈയിലെ ജോലിയോടുമൊക്കെയുള്ള താല്‍പര്യമില്ലായ്മ 2011ലെ തന്നെ മറ്റ് ചില പോസ്റ്റുകളില്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. 'ടൈം മെഷീന്‍ കിട്ടാനുണ്ടോ? ഭൂതകാലത്തിലേക്ക് തിരിച്ചുപോയി കുറേ തെറ്റുകള്‍ തിരുത്താനുണ്ട്. ആദ്യം ഒരു അഞ്ച് വര്‍ഷം പുറകോട്ടുപോയി എന്‍ജിനീയറിംഗ് സീറ്റ് കാന്‍സല്‍ ചെയ്ത് വല്ല ആര്‍ട്‌സ് കോളേജിലും പോയി ചേരണ'മെന്നാണ് ഒരു കുറിപ്പ്.

'ചെന്നൈയിലെ ദുസ്സഹമായ ജീവിതം വിട്ട് തിരിച്ചുവരാന്‍ എന്റെ നാട് എന്നെ വിളിക്കുന്നു. പക്ഷേ ഞാന്‍ വീട്ടില്‍ വന്ന് വെറുതെ കുത്തിയിരുന്നാല്‍ മാസാവസാനം ആരും എനിക്ക് ശമ്പളം തരില്ലെന്ന തിരിച്ചറിവും പിന്നെ ജോലിയില്ലാത്ത ബിരുദധാരിക്ക് കുരയ്ക്കാനറിയാത്ത പട്ടിയുടെ വിലയേ ഉള്ളൂ എന്ന സത്യവും എന്നെ വീണ്ടും ചെന്നൈയിലേക്ക് പറഞ്ഞയക്കുന്നു' എന്ന് മറ്റൊരു കുറിപ്പ്.

പരിഹാസവുമായി വരുന്നവരോട് ആത്മവിശ്വാസത്തോടെ പ്രതികരിക്കുന്ന ടൊവീനോയെയും ഈ പോസ്റ്റുകളുടെ താഴെ കാണാം. എടുത്തുചാടാന്‍ പോകുന്ന കടലിന്റെ ആഴവും അപകടവും തനിക്ക് നന്നായി അറിയാമെന്നും പക്ഷേ ഭയമില്ലെന്നും ആദ്യ സിനിമയില്‍ അഭിനയിക്കുംമുന്‍പ് ടൊവീനോ കുറിച്ചിട്ടുണ്ട്. 'ഞാന്‍ നീന്തും, കര കാണും വരെ, ഇല്ലെങ്കില്‍ മുങ്ങിച്ചാവും വരെ' എന്നാണ് 2011ലെ അദ്ദേഹത്തിന്റെ മറ്റൊരു പോസ്റ്റ്. 2012ല്‍ പുറത്തിറങ്ങിയ 'പ്രഭുവിന്റെ മക്കളാ'ണ് ടൊവീനോയുടെ ആദ്യ ചിത്രം.